ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപംനൽകിയ മാനനഷ്‌ടക്കേസിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനിക്ക് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നോട്ടീസ് അയച്ചു. കേസിൽ സ്‌മൃതി ഇറാനിക്കെതിരെ വന്ന സമൺസ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതിവിധി ചോദ്യം ചെയ്‌ത് സഞ്ജയ് നൽകിയ അപ്പീൽ പരിഗണിച്ചാണ് നോട്ടീസ്.
2012 ഡിസംബർ 20ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ടെലിവിഷൻ ചർച്ചയ്‌ക്കിടെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഇരു വരും മാനനഷ്‌ടത്തിന് കേസു നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ നടത്തിയ പരാമർശത്തിനെതിരെ ഡൽഹി ഹൈക്കോടതി സഞ്ജയ് നിരുപത്തിനെതിരെ വിചാരണ നടപടികൾ തുടങ്ങാൻ വിധിച്ചിരുന്നു. അതേസമയം സ്‌മൃതിക്കെതിരെ സഞ്ജയ് നൽകിയ ഹർജി തള്ളുകയും ചെയ്‌തു. ഇരു നേതാക്കളോടും ഒത്തു തീർപ്പിലെത്താനും ഹൈക്കോടതി ഇടയ്‌ക്ക് നിർദ്ദേശിച്ചതാണ്.