pragya-thakur

ന്യൂഡല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് താക്കൂർ ഇന്ത്യയുടെ നിഷ്‌കളങ്കയായ മകളെന്ന് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ വിവാദ പ്രസ്താവനകള്‍ നടത്തിയതിന് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രജ്ഞാ സിംഗിന് നോട്ടീസയച്ചിരുന്നു. ഇതിൽ പിന്തുണയുമായാണ് ശിവരാജ് സിംഗ് രംഗത്തെത്തിയത്.

"പ്രജ്ഞ ദേശസ്‌നേഹിയും ഇന്ത്യയുടെ നിഷ്‌കളങ്കയായ പുത്രിയുമാണ്. വന്‍ ഭൂരിപക്ഷത്തില്‍ പ്രജ്ഞ വിജയിക്കുമെന്നും അദ്ദേഹം പറത്തു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ചുമത്തുകയായിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. പ്രജ്ഞയെ കുറ്റക്കാരിയാക്കാന്‍ നിയമം വളച്ചൊടിച്ചു. മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. മറ്റുള്ളവര്‍ക്ക് മരവിപ്പ് തോന്നുന്ന അനുഭവങ്ങളിലൂടെയാണ് അവര്‍ കടന്നുപോയത്. പ്രജ്ഞയുടെ സ്ഥാനാര്‍ഥിത്വത്ത എല്ലാവരും എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെ"ന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭോപ്പാലില്‍ നിന്നാണ് പ്രജ്ഞ ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ ദിഗ്‌വിജയ് സിംഗാണ് പ്രജ്ഞുടെ മുഖ്യ എതിരാളി. ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമാണ് ഭോപ്പാല്‍. ബാബ്‌റി മസ്ജിദ് തകര്‍ക്കലുമായും വീരമൃത്യു വരിച്ച എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കാരെയുമായും ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളെ തുടര്‍ന്നാണ് പ്രജ്ഞയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തെ നോട്ടീസ് അയച്ചത്.