ശ്രീലങ്കയിൽ ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്രഹോട്ടലുകളിലും സ്ഫോടന പരമ്പരയിൽ 300 ഓളം പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ലോക മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്.മരണമടഞ്ഞവരിൽ കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിയായ മലയാളി വീട്ടമ്മ പി.എസ്.റസീനയടക്കം ഏഴ് ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു.
മനുഷ്യരാശിക്കുവേണ്ടി ക്രൂശിതനായ യേശുക്രിസ്തു ഉയിർത്തെണീറ്റതിന്റെ തിരുനാൾ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്ററായി ആഘോഷിക്കുന്ന വേളയാണ് ആസുത്രിതമായ ആക്രമണ പരമ്പര സൃഷ്ടിക്കാൻ ഭീകരവാദികൾ തിരഞ്ഞെടുത്തത് .ഒരു മാസം മുമ്പ് ന്യൂസിലാൻഡിലെ രണ്ട് മുസ്ലിം ദേവാലയങ്ങളിൽ നടന്ന കൂട്ടക്കുരുതിയുടെ ഞെട്ടൽ മാറും മുമ്പേയാണ് ശ്രീലങ്കയിലെ ഈ അക്രമപരമ്പര.ക്രൈസ്തവ ദേവാലയങ്ങളും, വിദേശ വിനോദ സഞ്ചാരികൾ പാർക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളും തിരഞ്ഞുപിടിച്ചു നടത്തിയ ഈ ആക്രമണങ്ങൾക്കു പിന്നിൽ പ്രാദേശിക ഇസ്ളാമിക ഭീകര സംഘടനയായ നാഷണൽ തൗഹീദ് ജമാ അത്ത് ആണെന്നാണ് ശ്രീലങ്കൻ സർക്കാർ ഇപ്പോൾ പറയുന്നത്.ആഗോള ഇസ്ളാമിക ഭീകര സംഘടനകളായ ഐസിസ്,ലക്ഷ്കർ ഈ തയ്ബ തുടങ്ങിയവയ്ക്ക് ഇവയുമായുള്ള ബന്ധം അന്വേഷിച്ചു വരികയാണ്.24 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.പള്ളികളും ഹോട്ടലുകളുമടക്കം എട്ടിടങ്ങളിലാണ് ചാവേറുകളുടെ സഹായത്തോടെ സ്ഫോടന പരമ്പര നടത്തിയതെന്നത് ഇതിന്റെ പിന്നിലുള്ള ആഗോള ബന്ധത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്.കൊളംബോയിലെ ബസ്സ് സ്റ്റാൻഡിൽ നിന്ന് ഇന്നലെ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിനാൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.ശ്രീലങ്കയിൽ ഇന്നലെ അർദ്ധരാത്രിമുതൽ അടിയന്തരാവസ്ഥ നിലവിൽ വന്നിട്ടുണ്ട്.
10 വർഷം മുമ്പ് എൽ.ടി.ടി.ഇ യെ അമർച്ചചെയ്ത് ശാന്തിയുടെ പാതയിലേക്ക് വന്ന ശ്രീലങ്ക വീണ്ടും ചോര മണക്കുന്ന സംഘർഷങ്ങളിലേക്ക് വഴുതിവീഴുന്നത് സമാധാനകാംക്ഷികളായ സർവ്വരേയും ഒരുപോലെ ദു:ഖിപ്പിക്കുന്നതാണ്.ഇപ്പോൾ ശ്രീലങ്കയാണ് കൊടുംഭീകരതയ്ക്ക് ഇരയായതെങ്കിൽ നാളെ മറ്റേത് ലോകരാജ്യങ്ങൾക്കും നേരെ തിരിഞ്ഞുവരാവുന്നതാണ് ഭീകരവാദത്തിന്റെ പോർമുനകൾ.ലോകമാകെ വേരുകൾ താഴ്ത്താൻ ശ്രമിക്കുന്ന ആഗോള ഭീകരവാദത്തെ എല്ലാരാഷ്ട്രങ്ങളും കൂട്ടായി എതിർത്ത് പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു. ശ്രീലങ്കയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.തൊട്ടടുത്തുകിടക്കുന്ന രാജ്യമെന്ന നിലയിൽ അതീവജാഗ്രതയോടെയാണ് ഇന്ത്യ ശ്രീലങ്കയിലെ സംഭവവികാസങ്ങളെ വീക്ഷിച്ചുവരുന്നത്.കേരളമടക്കം രാജ്യത്തെ തീരങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുകയും ആക്രമികൾ ഇന്ത്യയിലേക്ക് കടക്കുമോയെന്ന് സംശയിക്കുന്നതിനാൽ കോസ്റ്റ്ഗാർഡ് അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.തമിഴ് വംശജരായ വലിയൊരു ജനവിഭാഗമടക്കം ഇന്ത്യൻസമൂഹത്തിന്റെ സാന്നിദ്ധ്യം ശക്തമായ രാജ്യമാണ് ശ്രീലങ്ക.വാണിജ്യ ബന്ധങ്ങളുള്ള നിരവധി മലയാളികളും അവിടെയുണ്ട്.
പകയിലമർന്ന വംശീയപോരാട്ടങ്ങളും ആഭ്യന്തര സംഘർഷങ്ങളും തളർത്തിയ ശ്രീലങ്ക ടൂറിസമടക്കം വിവിധമാർഗ്ഗങ്ങളിലൂടെ പച്ചപിടിച്ചുവരികയായിരുന്നു.എന്നാൽ തമിഴ്പുലികളെ അമർച്ച ചെയ്തതുകൊണ്ട് മാത്രം അവസാനിക്കുന്നതായിരുന്നില്ല അവിടുത്തെ സങ്കീർണ്ണമായ മതസ്പർദ്ധയും വിവിധ വിഭാഗങ്ങൾ പുലർത്തിവരുന്ന സങ്കുചിത സംസ്കാരങ്ങൾ സൃഷ്ടിച്ച വേർതിരിവുകളും.ഭൂരിപക്ഷം വരുന്ന സിംഹളവിഭാഗം ന്യൂനപക്ഷങ്ങളോട് തുടർന്നുവന്ന വിവേചനപൂർണ്ണമായ പെരുമാറ്റം അവർക്കിടയിൽ അസ്വസ്ഥതകൾക്കിടയാക്കിയിരുന്നു.എൽ.ടി.ടി.ഇക്കു സ്വാധീനം ഉണ്ടായിരുന്ന കാലത്തും മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷനിലപാടുകൾ മാത്രമാണ് കൈക്കൊണ്ടത്.കനലുകളായി പുകഞ്ഞ ഈ അവഗണനകൾ അവരിൽ ചെറിയൊരു വിഭാഗത്തെ ഭീകരവാദത്തോട് അടുപ്പിച്ചുവെന്ന് ശ്രീലങ്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതിനുപുറമെ വൻതോതിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ മതപരിവർത്തനങ്ങളും എതിർപക്ഷത്ത് അസഹിഷ്ണുത സൃഷ്ടിച്ചിരുന്നു.അടുത്തകാലത്തായി ശ്രീലങ്കയിൽ പെന്തക്കോസ്ത് മിഷൻ , സെവൻത് ഡേ അഡ്വന്റിസ്റ്റ് ക്രൈസ്തവ വിഭാഗങ്ങൾ പലയിടങ്ങളിലും പള്ളികൾ നിർമ്മിക്കുന്നുണ്ട്. മാത്രമല്ല തമിഴ് വംശജർക്കും ഒരു പരിധിവരെ സിംഹള വിഭാഗങ്ങൾക്കും ഇടയിൽ മതപരിവർത്തനം സജീവമായി നടത്തുന്നതായി വിമർശനവുമുയർന്നിരുന്നു.ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായതിനുള്ള കാരണങ്ങളിലൊന്നിതാണെന്ന് ശ്രീലങ്ക ഗാർഡിയൻ അതിന്റെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റൊരു പ്രധാനകാരണം ഭരണത്തിലെ അസ്ഥിരതയാണ് .പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും രണ്ട് ധ്രുവങ്ങളിലായാണ് പ്രവർത്തിച്ചുവരുന്നത്.ശ്രീലങ്കയിലെ പള്ളികളും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഓഫീസും ലക്ഷ്യമിട്ട് ചാവേർ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ഒരു വിദേശ ഇന്റലിജൻസ് ഏജൻസി കൈമാറിയിരുന്നെങ്കിലും ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുകയായിരുന്നു.പരസ്പരം പഴിചാരുന്ന രാഷ്ട്രീയ നേതാക്കളും വൈരം പുലർത്തുന്ന മതവിഭാഗങ്ങളും ,അവസരം മുതലെടുക്കാൻ തക്കം പാർക്കുന്ന ആഗോളഭീകരസംഘടനകളും ശ്രീലങ്കയിലെ ജനജീവിതം വീണ്ടും ദു:സഹമാക്കിയിരിക്കുകയാണ്.
അഹിംസയുടേയും ശാന്തിയുടേയും കരുണയുടേയും മാർഗ്ഗങ്ങൾ കാട്ടിത്തന്ന ശ്രീബുദ്ധന്റെ സന്ദേശങ്ങൾ ഏറ്റവും പ്രചാരത്തിലുള്ള, ബുദ്ധമത വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്ക കലാപങ്ങളുടേയും സംഘർഷങ്ങളുടേയും പാതയിലേക്ക് വീണ്ടും ചലിക്കുന്നത് അത്യന്തം നിർഭാഗ്യകരമെന്നേ പറയേണ്ടു.