കൊച്ചി: രാജ്യാന്തര ക്രൂഡോയിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് ഇന്നലെ ഇന്ത്യൻ ഓഹരികൾ കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. ഒരുവേള 500 പോയിന്റിനുമേൽ തകർന്നടിഞ്ഞ സെൻസെക്‌സ്, വ്യാപാരാന്ത്യം 495 പോയിന്റ് നഷ്‌ടവുമായി 38,645ലാണുള്ളത്. നിഫ്‌റ്റി 158 പോയിന്റ് ഇടിഞ്ഞ് 11,594ലും വ്യാപാരം അവസാനിപ്പിച്ചു. ഇറാനിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ അടക്കം എട്ട് രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവ് അമേരിക്ക പിൻവലിച്ചതാണ് ക്രൂഡോയിൽ വില കൂടാൻ കളമൊരുക്കിയത്.
ബ്രെന്റ് ക്രൂഡ് വില 3.3 ശതമാനം കുതിച്ച് ബാരലിന് 74 ഡോളറിലെത്തി. കഴിഞ്ഞ അഞ്ചരമാസത്തെ ഉയർന്ന വിലയാണിത്. ബാരലിന് 65.49 ഡോളറാണ് യു.എസ് ക്രൂഡ് വില. ഇന്നലെ വില വർദ്ധിച്ചത് 2.33 ശതമാനം. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, ഗ്രീസ്, ടർക്കി, തായ്‌വാൻ എന്നിവയ്ക്ക് നൽകിയ ഇളവാണ് ട്രംപ് ഭരണകൂടം പിൻവലിച്ചത്. മേയ് രണ്ടിനകം ഈ രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തണമെന്നും അല്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നുമാണ് അമേരിക്കൻ ഭീഷണി. ഇറാനുമേൽ അമേരിക്കൻ ഭരണകൂടവും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയിരുന്ന ഉപരോധം 2015ൽ പിൻവലിച്ചിരുന്നു.
എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ നവംബറിൽ ഏകപക്ഷീയമായി വീണ്ടും ഉപരോധം ഏർപ്പെടുത്തി. തുടർന്നാണ്, ഇന്ത്യ അടക്കം എട്ട് രാജ്യങ്ങൾക്ക് ഇറാന്റെ എണ്ണ വാങ്ങാൻ അനുമതി നൽകിയത്. ഈ ഇളവാണ് ഇപ്പോൾ പിൻവലിച്ചത്. ഇറാനിൽ ലോക വിപണിയിലേക്ക് ക്രൂഡോയിൽ ഒഴുകുന്നത് കുറയുന്നതിനാൽ വരും ദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യത. ആഭ്യന്തര കലാപങ്ങളെ തുടർന്ന്, ലിബിയയിൽ നിന്നുള്ള വിതരണവും കുറഞ്ഞിട്ടുണ്ട്. ഇതും വരുംദിവസങ്ങളിൽ ക്രൂഡോയിൽ വിലയെ ഉയരത്തിലേക്ക് നയിക്കും.
തകർന്നടിഞ്ഞ് ഓഹരികൾ
റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി., ഡി.എച്ച്.എഫ്.എൽ., ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ്, യെസ് ബാങ്ക്, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഐഷർ മോട്ടോഴ്സ് എന്നിവയാണ് ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകളെ നഷ്‌ടത്തിലേക്ക് വീഴ്‌ത്തിയ പ്രമുഖ ഓഹരികൾ. ഇന്ധനവില വർദ്ധനയാണ് റിലയൻസിനും ഇന്ത്യൻ ഓയിലിനും ബി.പി.സി.എല്ലിനും തിരിച്ചടിയായത്. ക്രിസിൽ ക്രെഡിറ്ര് റേറ്രിംഗ് കുറച്ചത് ഡി.എച്ച്.എഫ്.എല്ലിനും തിരിച്ചടിയായി.
നിക്ഷേപകർക്ക് നഷ്‌ടം ₹1.92 ലക്ഷം കോടി
ഇന്നലെ ഒറ്റദിവസം മാത്രം സെൻസെക്‌സിലെ നിക്ഷേപകരുടെ കീശയിൽ നിന്ന് കൊഴിഞ്ഞത് 1.92 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ മൂല്യം 153.53 ലക്ഷം കോടി രൂപയിൽ നിന്ന് 151.60 ലക്ഷം കോടി രൂപയായി താഴ്‌ന്നു.
ഇടിവിന് പിന്നിൽ
ഇറാനിൽ നിന്ന് ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യ അടക്കം എട്ട് രാജ്യങ്ങൾക്ക് നൽകിയ ഇളവ് പിൻവലിച്ച അമേരിക്കൻ നടപടി
വരും വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറഞ്ഞേക്കുമെന്ന റിസർവ് ബാങ്കിന്റെ വിലയിരുത്തൽ
ക്രൂഡോയിൽ വിലക്കയറ്റത്തെ തുടർന്ന് ഓഹരികളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക്
കോർപ്പറേറ്ര് കമ്പനികളുടെ സമ്മിശ്രമായ നാലാംപാദ പ്രവർത്തനഫലം
ഇന്ത്യയ്ക്ക് വൻതിരിച്ചടി
ക്രൂഡോയിൽ ഉപഭോഗത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാനിൽ നിന്ന് താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഇറാന്റെ എണ്ണ വാങ്ങരുതെന്ന അമേരിക്കൻ നിർദേശം മൂലം, മറ്ര് രാജ്യങ്ങളിൽ നിന്ന് കൂടിയ വിലയ്ക്ക് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരാകും. ഇത്, ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാനിടയാക്കും. അസംസ്‌കൃത വസ്‌തുക്കളുടെ വില കൂടുമെന്നതിനാൽ രാജ്യത്ത് വൈകാതെ വിലക്കയറ്റവും രൂക്ഷമാകും.
രൂപയ്ക്കും തളർച്ച
ക്രൂഡോയിൽ വില വർദ്ധനയും ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപം കൊഴിഞ്ഞതും ഇന്നലെ രൂപയ്ക്ക് വിനയായി. ഡോളറിനെതിരെ 32 പൈസയുടെ നഷ്‌ടവുമായി 69.66ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.