ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ സുപ്രീം കോടതിയിൽ വിശദീകരണം നൽകിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. റാഫേൽ കരാറിൽ അഴിമതി നടത്തിയ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് ആവർത്തിച്ച രാഹുൽ അഞ്ച് വർഷത്തെ ഭരണത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും കൂട്ടിച്ചേർത്തു. പാവപ്പെട്ടവന്റെ നികുതിപ്പണം കോടീശ്വരനായ സുഹൃത്തിന് നൽകിയ കാവൽക്കാരൻ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവൽക്കാരന്റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റായ്‌ബറേലിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള റാഫേൽ കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച രാഹുൽ വിഷയത്തിൽ തന്നോട് 15 മിനിട്ട് പരസ്യ സംവാദം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ചു. ഒരുപക്ഷേ മോദി അതിന് തയ്യാറാവുകയാണെങ്കിൽ പിന്നീട് അദ്ദേഹത്തിന് രാജ്യത്ത് മുഖം കാണിക്കാൻ പോലുമാകില്ലെന്നും രാഹുൽ പറഞ്ഞു. നേരത്തെ തന്റെ വിവാദ പരാമർശത്തിൽ ബി.ജെ.പി എം.പിയായ മീനാക്ഷി ലേഖി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ വിശദീകരണം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ പറഞ്ഞതാണെന്നും ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. തന്റെ പ്രസ്‌താവനയെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചതായും രാഹുൽ കൂട്ടിച്ചേർത്തു.