explosion-in-van

കൊളംബോ: കൊളംബോയിൽ സ്ഫോടനം നടന്ന പള്ളിക്ക് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ പിന്നെയും പൊട്ടിത്തെറി. ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പള്ളിക്കരികിൽ നിർത്തിയിട്ടിരുന്ന വാനിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. കൊടഹേന ഏരിയയിലാണ് സംഭവം. പള്ളിയിൽ സ്ഫോടക വസ്തുക്കൾ എത്തിച്ച വാഹനമാണ് ബോംബ് സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ പിടികൂടിയിട്ടുണ്ട്.

ഇയാളക്കം സ്ഫോടന പരമ്പരകളിൽ ഇതുവരെ 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊട്ടിത്തെറിയിൽ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ചു, എന്ത് സഹായവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശ്രീലങ്കയ്ക്ക് ഉണ്ടാകുമെന്നും നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമായി ഇതുവരെ എട്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. 290പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, ശ്രീലങ്കയില്‍ ആക്രമണം നടത്തിയവര്‍ സമുദ്രാതിര്‍ത്തി വഴി രക്ഷപ്പെട്ടേക്കും എന്ന വിവരത്തെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണകപ്പലുകളും ആളില്ലാ വിമാനങ്ങളും സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.