election-2019

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കനമുള്ള ചോദ്യമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയോട് മാദ്ധ്യമ പ്രവർത്തകർ ഞായറാഴ്‌ച ചോദിച്ചത്: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമോ?​ നേരത്തേ പലവട്ടം പ്രിയങ്കയോട് ഇതേ ചോദ്യം പലരും ചോദിച്ചതാണ്. മത്സരത്തിനില്ലെന്ന് പ്രിയങ്ക ആദ്യം പറഞ്ഞു. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ചില മറുപടികൾ പിന്നെപ്പറഞ്ഞു.

തിരഞ്ഞെടുപ്പു മത്സരരംഗത്തുണ്ടാകുമോ എന്ന് രണ്ടാഴ്‌ച മുമ്പ് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ,​ 'എന്തുകൊണ്ട് വാരണാസിയിൽ ആയിക്കൂടാ' എന്ന് പാതി കളിയായും പാതി കാര്യമായും പ്രിയങ്ക പറഞ്ഞു. അതോടെ കൺഫ്യൂഷനായി. പ്രിയങ്ക സൂചിപ്പിച്ചത് മത്സരിക്കുമോ അല്ലെന്നോ?​ കഴിഞ്ഞ ദിവസത്തെ മറുപടിയോടെ ആ കൺഫ്യൂഷൻ തീർന്നെന്നാണ് പലരും കരുതുന്നത്. രാഹുൽ ഗാന്ധി പറഞ്ഞാൽ മത്സരിക്കും!

കോൺഗ്രസ് അദ്ധ്യക്ഷനായ സഹോദരൻ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന,​ രാജ്യത്തിന്റെ തിരഞ്ഞെടുപ്പു തലസ്ഥാനം തന്നെയായ യു.പിയിലെ വാരണാസിയിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാൻ താൻ തയ്യാറാണെന്ന്. അപ്പോൾ കൗതുകം അടുത്ത ചോദ്യത്തിലേക്കായി: മത്സരിക്കാൻ രാഹുൽ പറയുമോ?​ രണ്ടു പക്ഷം പിടിക്കാനും ആളുണ്ട്. ഇരുകൂട്ടരും പറയുന്നതിൽ കാര്യവുമുണ്ട്. മേയ് 19-ന് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ തുടങ്ങി. 29 വരെ പത്രിക നൽകാം. പ്രിയങ്ക പറഞ്ഞത് കാര്യമായിട്ടോ കളിയായിട്ടോ എന്ന് അന്നറിയാം.

മോദിയെയും ബി.ജെ.പിയെയും അമ്പരപ്പിക്കാനും,​ മാദ്ധ്യമങ്ങളെ വട്ടംചുറ്റിക്കാനുമുള്ള കോൺഗ്രസിന്റെ അടവാണ് പ്രിയങ്കയുടെ മറുപടിയെന്ന് കരുതുന്നവരുണ്ട്. അതല്ല,​ വാരണാസിയിൽ പ്രിയങ്ക മത്സരിക്കുന്നതിന്റെ സാദ്ധ്യതകളും അപകടങ്ങളും പാർട്ടി ഗൗരവപൂർവം വിലയിരുത്തിവരികയാണെന്ന് കരുതുന്നവരുമുണ്ട്. മോദിക്കെതിരെ മത്സരിച്ചാൽ പ്രിയങ്ക വിജയിക്കുമോ എന്ന ചോദ്യം വേറെ- വാരണാസിയിൽ പ്രിയങ്ക മത്സരത്തിനുണ്ടെങ്കിൽ പ്രചാരണരംഗമാകെ ഏകകേന്ദ്രീകൃതമാകും. യു.പിയിൽ പ്രിയങ്കയോടുള്ള സാധാരണക്കാരുടെ സ്നേഹവാത്സല്യങ്ങൾ അറിയാവുന്ന ബി.ജെ.പിക്ക് അവരെ പരിധിവിട്ട് കടന്നാക്രമിക്കാനാവില്ല. ആക്രമണത്തിനു പകരം പാർട്ടിക്ക് പ്രതിരോധതന്ത്രം സ്വീകരിക്കേണ്ടിവരികയും ചെയ്യും. എങ്ങനെയായാലും,​ ലാഭം പ്രിയങ്കയ്‌ക്കും കോൺഗ്രസിനും തന്നെ.

കഴിഞ്ഞ തവണ വാരണാസിക്കു പുറമെ,​ ഗുജറാത്തിലെ വഡോദരയിൽ നിന്നു കൂടി മോദി ജനവിധി തേടിയിരുന്നു. വാരണാസിയിലേതിനേക്കാൾ മോദിക്ക് ഭൂരിപക്ഷം കിട്ടിയത് വഡോദരയിലാണു താനും. ഇത്തവണ,​ വഡോദരയ്‌ക്കു പകരം അദ്ദേഹം കാശി രണ്ടാം മണ്ഡലമായി സ്വീകരിക്കുമെന്നൊക്കെ ആദ്യഘട്ടത്തിൽ കേട്ടിരുന്നു. വാരണാസിയിൽ നിന്നു മാത്രം മത്സരിക്കാനേ സാദ്ധ്യതയുള്ളൂ എന്ന് പിന്നെ കേട്ടു. ഇപ്പോൾ,​ വാരണാസിയിൽ മോദിയെ നേരിടാൻ ധൈര്യക്കുറവില്ലെന്ന് പ്രിയങ്ക വെളിപ്പെടുത്തിയതോടെ മോദിക്കു മുന്നിൽ മറ്റൊരു അപകടം വന്നുപെടുന്നുണ്ട്. എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ പിന്തുണയോടെ പ്രിയങ്ക മത്സരിച്ചാൽ മോദിയുടെ വോട്ടുകൾ കുത്തനെ ഇടിയുമെന്ന് ഉറപ്പ്. ആ അപകടം മറികടക്കാൻ മറ്റൊരു മണ്ഡലത്തിൽക്കൂടി മത്സരിക്കാൻ തീരുമാനിച്ചാലാകട്ടെ,​ പ്രിയങ്കയെ പേടിച്ച് മോദി പുതിയ സ്ഥലം തേടിയെന്ന നാണക്കേട് നേരിടേണ്ടിവരികയും ചെയ്യും!

കിഴക്കൻ യു.പിയുടെ പ്രചാരണ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതിനു പിന്നാലെ പ്രിയങ്ക നടത്തിയ ഗംഗായാത്ര ദേശീയമാദ്ധ്യമങ്ങൾ വേണ്ടത്ര ആഘോഷിച്ചിരുന്നു. ഗംഗാതടങ്ങളിലെ സാധാരണക്കാരുടെ ജീവിതം നേരിട്ടറിഞ്ഞും,​ അവരുടെ സങ്കടങ്ങൾ കേട്ടും വാരണാസി വരെ പ്രിയങ്ക നടത്തിയ ആ ജലയാത്ര ഒരു മുന്നൊരുക്കമായി കരുതണോ?​ ആകാമെന്നോ,​ വേണ്ടെന്നോ ഇപ്പോൾ പറയുക വയ്യ. ഇനി രാഹുൽ പറയണം. പറഞ്ഞാൽ പ്രിയങ്ക മത്സരിക്കും. മത്സരിച്ചാൽ...

ചെറുതല്ലാത്ത

കണക്ക്

യു.പിയിലെ മഹാസഖ്യത്തിനു പുറത്താണെങ്കിലും,​ പ്രതിപക്ഷ പാർട്ടികളുടെ പൊതുസ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധിയെ വാരണാസിയിൽ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് സമാജ്‌വാദി,​ ബഹുജൻ സമാജ് പാർട്ടികളുമായി കോൺഗ്രസ് യു.പി ഘടകം രഹസ്യ ചർച്ചകൾ തുടരുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ. ഒരുമിച്ചു മത്സരിക്കുന്ന എസ്.പിയോ ബി.എസ്.പിയോ കോൺഗ്രസിന്റെ അഭ്യർത്ഥന മറികടന്ന് അവിടെ സ്ഥാനാർത്ഥിയെ നിറുത്താനും സാധ്യത കുറവ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്ന് നരേന്ദ്ര മോദി വിജയിച്ചത് 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. അന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ ആയിരുന്നു രണ്ടാം സ്ഥാനത്ത്. അന്ന് വെവ്വേറെ മത്സരിച്ച എസ്.പിയും ബി.എസ്.പിയും ഇക്കുറി ഒരുമിച്ച്. ഇരുകൂട്ടരുടെയും മുൻ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതം ചേർത്താൽ ഒരുലക്ഷത്തിലധികം വരും. കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയത് 75,614 വോട്ട്. ഇതെല്ലാം കൂടി ചേരുന്നതിന്റെ ഇരട്ടി വരും,​ മോദിക്കെതിരെ നിൽക്കുന്നത് പ്രിയങ്കാ ഗാന്ധിയാണെങ്കിൽ എന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വിചാരിച്ചാൽ കണക്ക് അത്ര നിസ്സാരമല്ലെന്നു പിടികിട്ടും.