ഷിംല: ഹിമാചൽ പ്രദേശിൽ ബി.ജെ.പിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷനും മൂന്നുതവണ എം.പിയുമായിരുന്ന സുരേഷ് ചന്ദേൽ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സംസ്ഥാന അദ്ധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സുരേഷ് പാർട്ടിയിൽ ചേർന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹമിർപൂരിൽനിന്ന് മത്സരിക്കണമെന്ന് ഇദ്ദേഹം ആവശ്യമറിയിച്ചിരുന്നെങ്കിലും ബി.ജെ.പി നേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് സുരേഷ് കോൺഗ്രസിലേക്ക് മലക്കംമറിഞ്ഞത്. കോൺഗ്രസിലും സീറ്റിനായി ശ്രമം നടത്തിയിരുന്നെങ്കിലും കോൺഗ്രസിനുള്ളിലെ ചില നേതാക്കൾ അതും തടഞ്ഞിരുന്നു. നൈനാദേവി എം.എൽ.എ റാം ലാൽ താക്കൂറാണ് ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി.
ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂറും മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമലും സുരേഷിനെ അനുനയിപ്പിക്കാൻ നേരത്തേ ശ്രമങ്ങൾ നടത്തിയിരുന്നു. 1998, 99, 2004 വർഷങ്ങളിൽ ഹമിർപൂരിൽനിന്നുള്ള എം.പിയായിരുന്നു സുരേഷ്. 1996ലാണ് കോൺഗ്രസ് അവസാനമായി ഇവിടെനിന്ന് ജയിച്ചത്.