GOLD
കൊച്ചി : ഏതാനും നാളുകളുടെ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും മുന്നേറ്റത്തിന്റെ ട്രാക്കിലേറി. സംസ്ഥാനത്ത് ഇന്നലെ പവന് 200 രൂപ വർദ്ധിച്ച് വില 23,680 രൂപയായി. 25 രൂപ ഉയർന്ന് ഗ്രാം വില 2,960 രൂപയിലുമെത്തി. ആഗോള തലത്തിലും ആഭ്യന്തര വിപണിയിലും ദൃശ്യമായ മികച്ച വാങ്ങൽ ട്രെൻഡിന്റെ പിൻബലത്തിലാണ് പൊന്നിൻ വിലയുടെ മുന്നേറ്റം. രാജ്യാന്തര വിപണിയിൽ ഔൺസിന് കഴിഞ്ഞവാരം 1,250 ഡോളറിൽ താഴെയായിരുന്ന സ്വർണവില ഇന്നലെ 1,279 ഡോളറിലെത്തി.
ഓഹരി വിപണികൾ തളർച്ചയുടെ പാതയിൽ ആയതിനാൽ, സ്വർണനിക്ഷേപത്തിന് പ്രിയമേറുന്നതാണ് ഡിമാൻഡ് കൂടാൻ മുഖ്യ കാരണം. നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണമൊഴുക്കുകയാണ്. ക്രൂഡോയിൽ വില കൂടുന്നതും സ്വർണത്തിന് നേട്ടമാകുന്നുണ്ട്. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ ഇന്നലെ പത്തുഗ്രാമിന് 200 രൂപ വർദ്ധിച്ച് വില 32,870 രൂപയായി. കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കാഡ് ഉയരത്തിലേക്ക് കുതിച്ചു കയറിയിരുന്നു. വിവാഹ സീസണിനെ തുടർന്നുണ്ടായ മികച്ച ഡിമാൻഡാണ് കരുത്തായത്. ഫെബ്രുവരി 20ന് വപൻവില ചരിത്രത്തിൽ ആദ്യമായി 25,000 രൂപ കടന്ന് 25,160 രൂപയിൽ എത്തിയിരുന്നു. അന്ന് 3,145 രൂപയായിരുന്നു ഗ്രാം വില.