ആലപ്പുഴ: അധികാരത്തിലിരുന്നപ്പോൾ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി ഒരു ചെറുവിരൽ പോലും അനക്കാതിരുന്ന മോദിയുടെയും അമിത് ഷായുടെയും ഇരട്ടത്താപ്പ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
വോട്ടു നേടാനുള്ള ഉപകരണം മാത്രമായിട്ടാണ് ശബരിമലയെ മോദിയും അമിത് ഷായും കാണുന്നത്. ശബരിമല വിഷയത്തിൽ നിയമ നിർമ്മാണത്തിന് സാദ്ധ്യത ഉണ്ടായിട്ടും അതിനു മുതിരാതെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തത്. വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെ പോകാനും കോൺഗ്രസ് തയ്യാറാണ്. രാജ്യത്തെ ഏറ്റവും മികച്ച റെക്കാഡ് ഭൂരിപക്ഷത്തോടെ വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കും. കേരളത്തിൽ യു.ഡി.എഫ് ചരിത്ര വിജയം നേടും.
വികസന പദ്ധതികൾ നടപ്പാക്കുന്നതിലും തുക അനുവദിക്കുന്ന വിഷയത്തിലും കേരളം ഏറ്റവുമധികം അവഗണന നേരിട്ട കാലയളവായിരുന്നു കഴിഞ്ഞ അഞ്ചു വർഷക്കാലം. കഞ്ചിക്കോട് കോച്ച് ഫാക്ടറിയും എയിംസും ഉൾപ്പെടെ കേരളത്തിന്റെ ചിരകാല വികസന സ്വപ്നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് മോദി സർക്കാർ കൈക്കൊണ്ടത്. നോട്ടു നിരോധനം, ജി.എസ്.ടി, തൊഴിലില്ലായ്മ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയാകെ പിന്നോട്ടടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സന്ദർശനം കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം
പകർന്നിട്ടുണ്ടെന്നും കെ.സി അഭിപ്രായപ്പെട്ടു.