prajna

ന്യൂഡൽഹി: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയും 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാ താക്കൂർ രാജ്യസ്നേഹിയും ഇന്ത്യയുടെ നിഷ്കളങ്കയായ മകളുമാണെന്ന് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിൽനിന്ന് വൻഭൂരിപക്ഷത്തിൽ പ്രജ്ഞ ജയിക്കുമെന്നും ചൗഹാൻ പറഞ്ഞു. മാലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ചുമത്തുകയായിരുന്നുവെന്നും അവരെ കുറ്റക്കാരിയാക്കാൻ നിയമം വളച്ചൊടിച്ചുവെന്നും ചൗഹാൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാബ്‌റി മസ്ജിദ് തകർക്കലുമായും വീരമൃത്യു വരിച്ച എ.ടി.എസ് തലവൻ ഹേമന്ത് കർക്കറെയുമായും ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളെ തുടർന്ന് പ്രജ്ഞയ്ക്ക് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. ബാബ്റി മസ്ജിദ് തകർത്തവരിൽ താനുമുണ്ടെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും ആയിരുന്നു പ്രജ്ഞ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഹേമന്ത് കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്നും അവർ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഉറച്ച മണ്ഡലമായ ഭോപ്പാലിൽ ദിഗ്‌വിജയ് സിംഗാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. 1989 മുതൽ ബി.ജെ.പിയാണ് ഇവിടെ വിജയമറിയുന്നത്.