priyanka

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും അമേതിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിയ്ക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. സ്മൃതി ഇറാനി അമേതിയിലെത്തി ജനങ്ങൾക്ക് ഷൂ വിതരണം ചെയ്തതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. അമേതിയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

അമേതിയിലെയും റായ്ബറേലിയിലെയും ജനങ്ങൾ യാചകരല്ല. നിങ്ങളെ അപമാനിച്ചതാരാണോ,​ അവർക്കത് തന്നെ തിരികെ നൽകണം. വീടുകളിലെത്തി സ്മൃതി ഇറാനി ഷൂ വിതരണം ചെയ്യുന്നത് കണ്ടാൽ തോന്നുക അമേതിയിലെ ആളുകൾ ഷൂ ധരിക്കുന്നവരല്ലെന്നാണ്. രാഹുൽ ഗാന്ധിയെ മോശമാക്കാനാണ് അവർ അങ്ങനെ ചെയ്യുന്നതെങ്കിലും യഥാർത്ഥത്തിൽ അപമാനിതരാകുന്നത് അമേതിയിലെ ജനങ്ങളാണ്. പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമം പോലും സന്ദർശിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

''അമേതിയിലെ പാവപ്പെട്ട ജനങ്ങൾക്ക് പാദരക്ഷകളില്ല. പ്രിയങ്ക ഹരിഹർപൂരിലേക്ക് തീർച്ചയായും പോകണം. പക്ഷേ,​ അതിന് മുമ്പ് അവിടുത്തെ കാണാനില്ലാത്ത എം.പിയോട് ചോദിക്കണം എവിടെയാണ് ഹരിഹർപൂർ എന്ന്. " പ്രിയങ്കയ്ക്ക് മറുപടിയായി സ്മൃതി ഇറാനി പറഞ്ഞു.