1. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി സ്ഥിരീകരണം. എസ്. ആര്‍ നാഗരാജ്, വി.തുളസീറാം എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഒന്‍പത് ആയി. കൊളബോ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. 87 ഡിറ്റണേറ്ററുകള്‍ ആണ് കണ്ടെത്തിയത്
2. സ്‌ഫോടന പരമ്പരകളുടെ പശ്ചത്തലത്തില്‍ ഇന്ത്യന്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തീര സംരക്ഷണ സേനയുടെ നടപടി, സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകള്‍ പരിഗണിച്ച്. കേരള തീരത്തും സുരക്ഷ ശക്തമാക്കി നാവിക സേന. അതേസമയം, സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധ രാത്രി മുതല്‍ ആണ് അടിയന്തരാവസ്ഥ.
3. ഇന്ത്യക്കാര്‍ അടക്കം 290 പേരുടെ മരണത്തിന് ഇടയാക്കിയ കൊളംമ്പോ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ തീവ്രവാദ സംഘടനയായ തൗഹീദ് ജമാ അത്ത് എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കയില്‍ പ്രാദേശിക തലത്തില്‍ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്നും ചാവേറുകള്‍ ആയത് പ്രദേശവാസികള്‍ എന്നും സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തമിഴ്നാട്ടിലും ഈ സംഘടനയ്ക്ക് സ്വാധീനമുള്ളതായി ദേശീയ മാദ്ധ്യമങ്ങള്‍. ആക്രമണത്തിന് വിദേശ സഹായം ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയാത്തത് ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ച എന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നേരത്തെ സമ്മതിച്ചിരുന്നു
4. യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വീസിന് എതിരെ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പും പൊലീസും. സുരേഷ് കല്ലട ട്രാവല്‍സിന്റെ വൈറ്റിലയിലെ ഓഫീസ് അടച്ചു പൂട്ടി. തെളിവ് ശേഖരിക്കുന്നതിനിടെ അനധികൃതമായി പാര്‍സല്‍ കടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. മുഖം നോക്കാതെ നടപടി എടുക്കും എന്നും ഗതാഗത കമ്മിഷണര്‍ സുദേഷ് കുമാര്‍. കല്ലട ബസ് ഉടമയെ വിളിച്ചു വരുത്താന്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്നാഥ് ബെഹ്റ
5. ബസ് മാനേജര്‍ ഗിരി ലാല്‍, ജീവനക്കാരായ ജയേഷ്, ജിതേഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് എതിരെയും വ്യാപക പ്രതിഷേധം. സംഭവം ആസൂത്രിതം ആണോ എന്ന് അന്വേഷിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍. തിരുവനന്തപുരത്ത് നിന്ന് ബംഗുളൂരുവിലേക്ക് പോകുക ആയിരുന്ന സ്വകാര്യ ബസില്‍ നിന്ന് പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ നിന്ന് ഇറക്കി വിട്ടത്.
6. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് മൂവരെയും വൈറ്റില പരിസരത്ത് നിന്ന് കണ്ടെത്തുക ആയിരുന്നു. അതിക്രമം പുറത്ത് അറിയുന്നത്, ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയയിലൂടെ. ഹരിപ്പാട് വച്ച് തകരാറില്‍ ആയ ബസ് ഏറെ നേരം കഴിഞ്ഞിട്ടും പുറപ്പിടാതിരുന്നപ്പോള്‍ യുവാക്കള്‍ ചോദ്യം ചെയ്തതിരുന്നു തുടര്‍ന്നായിരുന്നു അക്രമം നടന്നത്.
7. കോടതി അലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുല്‍ഗാന്ധിയുടെ നിലപാട് അവസരവാദിയുടേത്. രാഹുലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. നാളെ സുപ്രീംകോടതിയുടെ നടപടിക്ക് കാത്തിരിക്കുന്നു എന്നും നിര്‍മ്മല സീതാരാമന്‍. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ആണ് നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം
8. ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ ആണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഖേദപ്രകടനം നടത്തിയത്. പരാമര്‍ശം നടത്തിയത് തിരഞ്ഞെടുപ്പ് ആവേശത്തില്‍ എന്ന് രാഹുല്‍ ഗാന്ധി. റഫാല്‍ കേസിലെ വിധിയില്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിന് എതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതി പരിഗണിച്ചത്.
9. ബി.എസ്.പി. അധ്യക്ഷ മായാവതിക്കും എസ്.പി നേതാവ് അസം ഖാനും എതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയപ്രദയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. പെരുമാറ്റ ചട്ടം ലംഘിച്ചതിന് കേസ് എടുത്തിരിക്കുന്നത് ഐ.പി.സി 171 ജി പ്രകാരം. രാംപൂരില്‍ മത്സരിക്കുന്ന നടിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി ആണ് അസം ഖാന്‍.
10. വിവാദം ആയത്, അസം ഖാന്‍ തനിക്ക് എതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുമ്പോള്‍ മായാവതി നിങ്ങള്‍ ചിന്തിക്കുക, അദ്ദേഹത്തിന്റെ എക്സ് റേ കണ്ണുകള്‍ നിങ്ങളെയും തുറച്ച് നോക്കുന്നുണ്ടാകും എന്ന ജയപ്രദയുടെ പരാമര്‍ശം. ജയപ്രദയ്ക്ക് എതിരെ നടത്തിയ കാക്കി അടിവസ്ത്ര പരാമര്‍ശത്തില്‍ അസം ഖാന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ 72 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ അടുത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന ജയപ്രദ മുന്‍പ് സമാജ്വാദി പാര്‍ട്ടി നേതാവ് ആയിരുന്നു.
11. കേരളത്തിലെ എല്ലാ ലോക്സഭ മണ്ഡലങ്ങളിലും സ്വന്ത്രവും നീതിപൂര്‍വവും ഭയരഹിതവുമായ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പ്രശ്ന സാധ്യതയുള്ള ബൂത്തൂകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പൊലീസ് സേനയെ വിന്യസിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും ബെഹ്റ.