കോഴിക്കോട്: ഒളികാമറ വിവാദത്തിൽ യു.ഡി.എഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.കെ. രാഘവനെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തു. ഇന്നലെ ഉച്ചയ്ക്ക് 11.45ന് നടക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേംജിത്താണ് കേസ് രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമം 13 [1 ] [എ] വകുപ്പ് അനുസരിച്ചും [ പൊതുപ്രവർത്തകരുടെ പെരുമാറ്റ ദൂഷ്യം: നിയമ വിരുദ്ധമായി പാരിതോഷികം സ്വീകരിക്കുകയോ സ്വീകരിക്കാമെന്ന് സമ്മതിക്കുകയോ ചെയ്യുക ] ഐ.പി.സി 171ഇ വകുപ്പ് അനുസരിച്ചും [ കൈക്കൂലി വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്യുക ] ആണ് കേസ് എടുത്തിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്കാണ് കേസിന്റെ മേൽനോട്ട ചുമതല.

ഒരു ഹിന്ദി വാർത്താ ചാനൽ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് രാഘവൻ കുടുങ്ങിയത്.സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ ഗ്രൂപ്പിന് കോഴിക്കോട് പഞ്ചനക്ഷത്ര ഹോട്ടൽ ആരംഭിക്കാൻ പതിനഞ്ച് ഏക്കർ ഭൂമി വാങ്ങാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് രാഘവനെ സമീപിച്ചത്. അഞ്ച് കോടി രൂപ കോഴയും വാഗ്ദാനം ചെയ്തു. ഇത് തന്റെ ഓഫീസിൽ ഏല്പിക്കാൻ രാഘവൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെതിരെ ഇടത് മുന്നണി കോഴിക്കോട് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് റിയാസാണ് പരാതി നൽകിയത്.