നെടുമ്പാശേരി: വിനോദ സഞ്ചാരത്തിനായി കൊളംബോയിലേക്ക് പോയ പ്രദീപ് രാജുവിനും പത്തംഗ കുടുംബത്തിനും ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടുമാത്രം .സ്‌ഫോടന പരമ്പരകളുടെ നടുവിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽതിരിച്ചെത്തിയിട്ടും ഭീതി വിട്ടുമാറിയിട്ടില്ല. താമസത്തിനായി ആദ്യം ബുക്ക് ചെയ്തിരുന്ന സിനമെന്റ് ഗ്രാന്റ് ഹോട്ടൽ അവസാന നിമിഷമാണ് ഒഴിവാക്കിയത്. ബീച്ച് ഏരിയയിലെ ഹോട്ടൽ വേണമെന്ന മക്കളുടെ ആവശ്യപ്രകാരമായിരുന്നുആതീരുമാനം. ദൈവം മക്കളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയായിരുന്നു..
ഈസ്റ്റർ ദിനത്തിൽ രാവിലെ എട്ടിന് താമസിച്ചിരുന്ന ഹോട്ടലിന്റെ 500 മീറ്റർ അകലത്തിലെ മൂന്ന് ഹോട്ടലുകളിൽ സ്ഫോടനങ്ങളുണ്ടായി.നേരത്തെ താമസിക്കാൻ ബുക്ക് ചെയ്തിരുന്നഹോട്ടലും ഇതിൽപ്പെടുന്നു. ആദ്യ സ്‌ഫോടനത്തിൽ ഭീകരാക്രമണമാണന്ന് ആരും തിരിച്ചറിഞ്ഞില്ല. പുറത്തുവന്ന് നോക്കിയപ്പോഴാണ് പരിക്കേറ്റവരുമായി ആംബുലൻസുകൾ ചീറിപ്പായുന്നത് കണ്ടത്. തെരുവുകളിൽ ജനങ്ങൾ പരിഭ്രാന്തരായിഓടുന്നത് കാണാമായിരുന്നു.
.തിങ്കളാഴ്ചയായിരുന്നു തിരിച്ചു പോരാനുള്ള ടിക്കറ്റെങ്കിലുംഞായറാഴ്ച തന്നെ കൊളംബോ വിമാനത്താവളത്തിലെത്തി. പൊലീസ് സംരക്ഷണയിലാണ് വിമാനത്താവളത്തിലേക്കുള്ളയാത്ര. അവധി ആഘോഷിക്കാനെത്തിയ നൂറുകണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികൾ കൊളംബോയിലെ ഹോട്ടലുകളിൽ കുടുങ്ങിയിട്ടുണ്ട്. കൊച്ചിയിൽ ബിസിനസുകാരനാണ് വൈറ്റില ജൂനിയർ ജനത റോഡിൽ പുണർതം വീട്ടിൽ പ്രദീപ് രാജു. കഴിഞ്ഞ 16നാണ്അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പംകടൽ കടന്നത്. സഹോദരൻ സജീവ് രാജുവും കുടുംബവും 70കാരിയായ മാതാവ് രമണിയും ഒപ്പമുണ്ടായിരുന്നു.