srilankan-bomb-

കൊളംബോ: ശ്രീലങ്കയിലെ സ്ഫോടനങ്ങൾക്കിടയാക്കിയ സുരക്ഷാ വീഴ്ചകൾക്ക് ലോകത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് ശ്രീലങ്കൻ മന്ത്രി രജിത സെനരത്നെ. ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് മൂന്ന് തവണ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നിട്ടും മുൻകരുതലുകൾ സ്വീകരിക്കാത്തിനെ തുടർന്നാണിത്.

ഈ മാസം നാലിന് ഒരു സൗഹൃദ രാഷ്ട്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിക്കുന്നു. സ്ഫോടനം നടക്കുന്നതിന്റെ തലേദിവസവും സ്ഫോടനത്തിന് പത്തുമിനിട്ട് മുൻപും മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു.

അതേസമയം സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്വേഷണത്തിന് വിദേശരാജ്യങ്ങളുടെ സഹായവും തേടി. പ്രാദേശിക ഇസ്‌ലാമിക ഭീകരസംഘടനയായ നാഷണൽ തൗഫിത്ത് ജമാത്താണെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചു. ദേശീയ സുരക്ഷാ സമിതി യോഗത്തിൽ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന തീരുമാനിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ശ്രീലങ്കയിൽ ഇപ്പോഴും സുരക്ഷാവെല്ലുവിളി തുടരുകയാണ്.

എട്ടിടങ്ങളിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. പരുക്കേറ്റ അഞ്ഞൂറിലധികം പേർ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റുചെയ്തു. ഭീകരർ കടൽ കടന്ന് ഇന്ത്യൻ തീരത്തെത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് തീരസംരക്ഷണ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യൻസ്ഥാനപതി കാര്യാലയത്തിനും സുരക്ഷ ശക്തമാക്കി.

കർണാടകയിൽ നിന്നുള്ള നാല് ജെ.ഡി.എസ് നേതാക്കളടക്കം ഏഴ് ഇന്ത്യക്കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.