priyanka-modi-

ന്യൂഡൽഹി : വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് വെളിപ്പെടുത്തലിന് പിന്നാലെ മണ്ഡലത്തിൽ വിജയപ്രതീക്ഷയുമായി കോൺഗ്രസ് പ്രവർത്തകരും പ്രതിപക്ഷ സഖ്യകക്ഷികളും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അനുവദിക്കുകയാണെങ്കിൽ പോരാടാൻ സന്തോഷമേയുള്ളൂ എന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

വാരാണസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അവസാനഘട്ടമായി മേയ് 19ന് ആണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 22 മുതൽ നാമനിർദേശപത്രിക നൽകാം. 29ന് ആണ് അവസാന ദിവസം. മോദിക്കെതിരെ മത്സരിക്കുമെന്ന വാർത്തകൾ പടരുമ്പോഴും പ്രിയങ്ക മത്സരിച്ചാൽ പ്രതിപക്ഷത്തിന് വൻ നേട്ടമാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തെ പ്രതിപക്ഷ കക്ഷികളോ പാർട്ടിയോ എതിർക്കില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ കരുതുന്നത്.

മത്സരരംഗത്തിറങ്ങിയാൽ പ്രിയങ്കയുടെ താരപ്രഭ രാജ്യമെങ്ങും ഉപയോഗപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്,​ ഇതോടെ ബി.ജെ.പിക്കും മോദിക്കും പ്രതിരോധത്തിലേക്ക് മാറേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു.. പ്രിയങ്കയ്ക്കൊപ്പം കോൺഗ്രസിന്റെ ജനസമ്മിതിയും വർദ്ധിക്കും എന്നാണ് കണക്കുകൂട്ടൽ.

വാരണാസിയിൽ ബി.ജെ.പിക്കെതിരെ ദുർബല സ്ഥാനാർത്ഥിയെ നിറുത്തി അവരെ സഹായിക്കുന്നുവെന്ന പ്രചാരണം പ്രിയങ്ക സ്ഥാനാർത്ഥിയാകുന്നതോടെ മറികടക്കാം എന്ന് കോൺഗ്രസ് കരുതുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ പ്രിയങ്ക നാമനിർദേശ പത്രിക നൽകിയാൽ അതിന്റെ മേൽക്കൈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മോദി വാരാണസിയിൽ മത്സരിക്കാൻ നിർബന്ധിതനാവും. നാമനിർദേശപത്രികാ സമർപ്പണം ആഘോഷപൂർവം നടത്തിയാലും മോദിക്കായി അണിനിരക്കുന്ന ആൾക്കൂട്ടം മണ്ഡലത്തിൽ വലിയ ഓളം സൃഷ്ടിച്ചേക്കില്ല.

പ്രിയങ്ക വരുന്നതോടെ മോദിക്കു വാരാണസിയല്ലാതെ മറ്റു മണ്ഡലം പരിഗണിക്കാനാകാത്ത സാഹചര്യമുണ്ടാകും. രാജ്യത്തെങ്ങുമുള്ള പ്രചാരണത്തിനു സമയം കിട്ടാതാകും. സ്വന്തം മണ്ഡലമായ വാരണാസിയിൽ പ്രചാരണത്തിൽ പിന്നോട്ടുപോയാൽ വൻതിരിചട്ചടിയുണ്ടാകാനും സാദ്ധ്യതയുണ്ട്.. മോദിയുടെ പ്രചാരണരീതിയും എവിടെ മത്സരിക്കണമെന്നതും പ്രിയങ്കയുയുടെ സ്ഥാനാർ‌ത്ഥി്വവുമായി ബന്ധപ്പെട്ടായിരിക്കും തീരുമാനിക്കപ്പെടുക. മോദിക്കെന്ന പോലെ പ്രിയങ്കയ്ക്കും പാർ‌ട്ടിക്കതീതമായി ആരാധക വൃന്ദമുണ്ട്. ഇത് വോട്ടായി മാറ്റാമെന്ന പ്രതിക്ഷയും കോൺഗ്രസ് പങ്കുവയ്ക്കുന്നു.

പുതുമുഖ പാർട്ടിക്കോ പുതുനേതാവിനോ എതിരെ വമ്പിച്ച പ്രചാരണം നടത്തിയപ്പോഴെല്ലാം നിറംമങ്ങിപ്പോയ ചരിത്രമാണു ബിജെപിയുടേത്. അതിനാൽ പ്രിയങ്കയ്ക്കെതിരെ ശക്തമായ പ്രചാരണം നയിക്കാൻ ബി.ജെ.പി രണ്ടാമതൊന്ന് ആലോചിക്കും.

ബി.ജെ.പി നേതാക്കളുടെ വിമർശനങ്ങൾക്ക് പാത്രമാകുന്നത് പ്രിയങ്കയ്ക്കു സഹതാപവോട്ടായി മാറിയേക്കാം. പ്രിയങ്കയ്ക്കെതിരായ പ്രചാരണത്തിന്റെ തീവ്രത കുറയ്ക്കുന്ന സമീപനമെടുത്താൽ വാരാണസിയിൽ ഉൾപ്പെടെ ടിവിയിലും മറ്റും പ്രിയങ്കയ്ക്കായിരിക്കും മേൽക്കൈ. ചാനലുകളിൽ പ്രിയങ്കയുടെ ദൃശ്യങ്ങൾ നിറയുന്നതു ബി.ജെ.പിയുടെ ഉറക്കം കെടുത്തും. പ്രിയങ്കയുടെ ജനപ്രീതി ഇതുവരെ അളക്കപ്പെടാത്തതിനാൽ പ്രചാരണത്തിനായി മോദിക്ക് വാരാണസിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും

പ്രിയങ്കയ്ക്കെതിരെ കഴിഞ്ഞവർഷത്തെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചാൽ മാത്രമേ മോദിക്ക് പിടിച്ചുനിൽക്കാനാവൂ. രണ്ടു ലക്ഷത്തിലേറെ വോട്ടു നേടിയാൽപോലും പ്രിയങ്കയ്ക്ക് അഭിമാനിക്കാം. മണ്ഡലത്തിലെ കന്നിവോട്ടർമ‌ാരുടെയും സ്ത്രീ വോട്ടർമാരുടെയും പ്രാധാന്യം പ്രിയങ്കയ്ക്കു ഗുണമായേക്കും. സമാജ്‌വാദി പാർട്ടിക്കു സ്വാധീനമുള്ള ഒന്നരലക്ഷം യാദവ വോ‌ട്ടുകൾ, ബി.എസ്‌പിയുടെ 80,000ത്തോളം ദളിത് വോ‌ട്ട്, മൂന്നു ലക്ഷത്തോളമുള്ള മുസ്ലിം വിഭാഗം എന്നിവർ നിർണായകമാവും. കോൺഗ്രസിന്റെ പരമ്പരാഗത വോ‌ട്ടുബാങ്കായിരുന്ന രണ്ടരലക്ഷം ബ്രാഹ്മണരും ഒന്നരലക്ഷം ഭൂമിഹാറുകളും ഇപ്പോൾ ഏറെക്കുറെ ബി.ജെ.പി‌ക്കൊപ്പമാണ്. ഇവരെ തിരിച്ചെത്തിക്കാനും വൈശ്യ, രജപുത്ര, ചൗരസ്യ വിഭാഗങ്ങളിൽനിന്നു വോട്ടടർത്താനും പ്രിയങ്കയ്ക്കു കഴിഞ്ഞേക്കും.