goutham-gambir-

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി മണ്ഡലത്തിലും മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ കാറ്രിൽപറത്തി രാജ്യതലസ്ഥാനത്തെ സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി ന്യൂഡൽഹി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി ടിക്കറ്റിൽ ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗൗതം ഗംഭീർ കഴിഞ്ഞ മാസമാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. ഗംഭീർ ഡൽഹിയിൽ മത്സരിച്ചേക്കുമെന്ന് അന്ന് തന്നെ റിപ്പോ‍‌‌‌‌ർട്ടുകളുണ്ടായിരുന്നു.

ഡൽഹിയിലെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ആതിഷി മർലേനയാണ് ഈസ്റ്റ് ഡൽഹിയിലെ ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി. അരവിന്ദർ സിങ്ങ് ലവ്‍ലിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകൾ നേടി കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയേയും അപ്രസക്തരാക്കുക എന്ന ലക്ഷ്യമാണ് ഗംഭീറിനെ അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കിയിരിക്കുന്നതിന് പിന്നിൽ.

ന്യൂഡൽഹി മണ്ഡലത്തിൽ മീനാക്ഷി ലേഖിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കനാണ് മത്സരിക്കുന്നത്,​ . ബ്രജേഷ് ഗോയലാണ് ആം ആദ്മിയുടെ സ്ഥാനാർത്ഥി.

കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും സഖ്യ നീക്കം പൊളിഞ്ഞതോടെ ഡൽഹിയിൽ ബി.ജെ.പിക്ക് മേൽക്കൈയുണ്ടെന്നാണ് സർവേ റിപ്പോർട്ടുകൾ. ഡൽഹി നഗരത്തിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി കടുത്ത പരിശ്രമത്തിലാണ്.

ബദ്ധവൈരികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ചെങ്കിൽ ബിജെപിയുടെ നീക്കം പാളിയേനെ. ഡൽഹി നഗരത്തിലെ ബി.ജെ.പിയുടെ വോട്ടു ബാങ്ക് നിലനിർത്താൻ കഴിയുന്നതിനൊപ്പം എതിർ ചേരിയിലെ വോട്ടുകൾ ഭിന്നിപ്പിക്കാൻ കഴിഞ്ഞാൽ ബി.ജെ.പിക്ക് ജയമുറപ്പെന്നാണ് കണക്കുകൂട്ടൽ.