ശരീരത്തിൽ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. കൂടിയാലും കുറഞ്ഞാലും ശരീരത്തിന് ഹാനികരമാകാവുന്ന ഘടകമാണിത്. ഹൃദയം, തലച്ചോറ്, കരൾ, ധമനികൾ എന്നിവയിലെല്ലാം പൊട്ടാസ്യം സന്തുലനം നിർണായകമാണ്. പൊട്ടാസ്യം കൂടിയാലും കുറഞ്ഞാലും ഹൃദയം അപകടത്തിലാകും. രക്താതിസമ്മർദ്ദം, ഹൃദ്റോഗം, സിറോസിസ് പോലുള്ള കരൾരോഗങ്ങൾ എന്നിവയുള്ളവരിൽ പൊട്ടാസ്യം നില താഴുന്നത് മരണകാരണമായേക്കാം. ഓർമ്മക്കുറവ്, ശ്വസനത്തകരാറുകൾ, ഓക്കാനം, ഛർദ്ദി, മലബന്ധം, പേശികളുടെ ബലക്കുറവ് , ക്ഷീണം, എന്നിവ പൊട്ടാസ്യം താഴുന്നതിന്റെ ലക്ഷണങ്ങളാണ്. പ്രമേഹരോഗികൾ, വൃക്കരോഗികൾ എന്നിവർ ഉപയോഗിക്കുന്ന ചിലതരം ഔഷധങ്ങളും പൊട്ടാസ്യം താഴ്ത്താറുണ്ട്.
ചിലതരം മരുന്നുകളിലൂടെയും മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളായും പൊട്ടാസ്യം കൂടിയേക്കാം. ഇത് മരണകാരണമാകാം. പൊട്ടാസ്യം കുറയുന്നതിന് സമാനമായ ലക്ഷണങ്ങളാണ് കൂടുമ്പോഴും ഉണ്ടാകുന്നത്. ഹൃദയമിടിപ്പിലെ താളപ്പിഴകളും വരാം. തക്കാളി, മധുരക്കിഴങ്ങ്, അവാക്കാഡോ , പഴം, ഇലക്കറികൾ, ബീൻസ് , യോഗർട്ട്, ഓറഞ്ച് നിറത്തിലെ പഴങ്ങൾ - പച്ചക്കറികൾ എന്നിവ പൊട്ടാസ്യം അടങ്ങിയവയാണ്.