തിരുവനന്തപുരം: സസ്‌പെൻസ് പൊളിച്ച് സൂപ്പർതാരം മോഹൻലാൽ വോട്ട് ചെയ്യാൻ എത്തി. എറണാകുളത്തു നിന്ന് രാവിലെയാണ് തന്റെ മണ്ഡലമായ തിരുവനന്തപുരത്തെ പൂപ്പുരയിലെ മുടവൻമുകളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താനായി ലാൽ എത്തിയത്. സുഹൃത്തായ സനൽകുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ ലാൽ വലിയ തിരക്കിനെ തുടർന്ന് ക്യൂവിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു മണിക്കൂറിലധികം വരിയിൽ നിന്ന് തന്റെ ഊഴമെത്തിയതിനു ശേഷമാണ് വോട്ട് ചെയ്‌ത് ലാൽ മടങ്ങിയത്.
കഴിഞ്ഞദിവസം തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ലാലിനെ സന്ദർശിക്കാൻ എത്തിയപ്പോൾ വോട്ട് ചെയ്യാൻ പോകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാനാകില്ലെന്നും, സസ്‌പെൻസ് ആയി ഇരിക്കട്ടെ എന്നുമാണ് ലാൽ പ്രതികരിച്ചത്.
വെള്ള ഷർട്ടും ജീൻസുമായി മോഹൻലാലെത്തിയപ്പോൾ ആദ്യം വോട്ടർമാർക്ക് വിശ്വാസം വന്നില്ല. ആദ്യം ആർപ്പ് വിളിച്ചെങ്കിലും പോളിംഗ് കേന്ദ്രമല്ലേ എന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും അച്ചടക്കത്തോടെ ക്യൂവിൽ കയറി നിൽക്കുകയായിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് നേമം, വട്ടിയൂർക്കാവ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.
തൃശ്ശൂരിൽ നിന്ന് മത്സരിക്കുന്ന ബിജെപി എംപിയും താരവുമായ സുരേഷ് ഗോപിയും, എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ്, ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം എന്നിവർ ഇന്നലെ മോഹൻലാലിനെ കാണാനെത്തിയിരുന്നു.