തിരുവനന്തപുരം: പ്രശ്നബാധിതമെന്നു കണ്ടെത്തിയ സംസ്ഥാനത്തെ 3622 പോളിംഗ് ബൂത്തുകളിൽ ലൈവ് വെബ് കാസ്റ്റിംഗ് സംവിധാനം നടപ്പിലായതോടെ തിരഞ്ഞെടുപ്പ് നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും നേരിട്ടുള്ള നിരീക്ഷണത്തിലാകും. കെൽട്രോൺ, ബി.എസ്.എൻ.എൽ, അക്ഷയ, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത സഹകരണത്തോടുകൂടി ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
കെൽട്രോൺ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കുന്ന ലൈവ് വെബ് കാസ്റ്റിംഗിന് ബി.എസ്.എൻ.എൽ വിപുലമായ കണക്‌ടിവിറ്റി സംവിധാനം ഒരുക്കുകയും കെ.എസ്.ഇ.ബി തടസമില്ലാത്ത വൈദ്യുതി വിതരണം ചെയ്യുകയും ചെയ്യും. സംസ്ഥാന ഐ.ടി മിഷൻ ആണ് ലൈവ് വെബ് കാസ്റ്റിങ്ങിനു വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും നൽകുന്നത്.
വെബ് കാസ്റ്റിംഗ് സംവിധാനം നിരീക്ഷിക്കുന്നതിനു ഐ.ടി മിഷൻ ഡയറക്ടറുടെ കീഴിൽ ജീവനക്കാരുടെ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ഐ.ടി മിഷൻ ഓഫിസിൽ പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. വിവിധ പോളിംഗ് സ്റ്റേഷനുകളെ അതാതു ജില്ലകളിലെ കളക്ടറേറ്റുമായി ബന്ധിപ്പിക്കുകയും അതുവഴി തത്സമയ വിവരങ്ങൾ കൺട്രോൾ റൂമിൽ നിന്നും നിയന്ത്രിക്കപ്പെടുകയും ചെയ്യും. എല്ലാ ജില്ലകളിലും വെബ് കാസ്റ്റിംഗ് ടീം, കൺട്രോൾ റൂം സ്റ്റാഫ്, റിസർവ് ടീം എന്നിങ്ങനെ സജ്ജമാക്കി. ഐ.ടി മിഷനിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ സംവിധാനം തുടർച്ചയായി തത്സമയ വെബ്കാസ്റ്റിംഗ് നിരീക്ഷിക്കുകയും സാങ്കേതിക തകരാറുകൾ യഥാസമയം പരിഹരിക്കുകയും ചെയ്യും. ട്രയൽ റൺ വിജയകരമായി നടത്തിയിരുന്നു.