കണ്ണൂർ: ഇലക്ഷൻ കമ്മിഷനെതിരെ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വ്യാപകമായി വോട്ടിംഗ് മെഷീൻ തിരിമറിയുണ്ടായി. പലേടത്തും പോളിംഗ് തടസപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഇലക്ഷൻ കമ്മിഷൻ സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു.
ചിലരുടെ ഒക്കെ അതിമോഹം തകർന്നടിയുന്ന തിരഞ്ഞെടുപ്പാകും ഇത്തവണ നടക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വംശഹത്യയും വർഗീയ കലാപവും സംഘടിപ്പിച്ചവർ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അവർക്ക് ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയാകും. വർഗീയതയും വിദ്വേഷവും കേരളത്തിൽ വിലപ്പോകില്ല. മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. ഒരു മണ്ഡലത്തിലും മൂന്നാംസ്ഥാനത്തല്ലാതെ ബി.ജെ.പിക്ക് എത്താൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കുടംബാംഗങ്ങളോടൊപ്പം എത്തിയാണ് പിണറായി വോട്ടിട്ട് മടങ്ങിയത്. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി ആർസി അമല ബേസിക് യു.പി സ്‌കൂളിലെ 161ആം ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായി.