കൊല്ലം: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കൊല്ലത്ത് നടന്നത് തനിക്കെതിരെയുള്ള സ്വഭാവഹത്യയെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ. എൽ.ഡി.എഫ് എന്നുപോലും പറയുന്നില്ല, സി.പി.എമ്മിന്റെ നേതൃത്വത്തിൽ സ്വഭാവ ഹത്യയിൽ മാത്രംകേന്ദ്രീകരിച്ചുകൊണ്ട് ഒരു പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് കൊല്ലത്ത് മാത്രമായിരിക്കുമെന്നും പ്രേമചന്ദ്രൻ വിമർശിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു പ്രേമചന്ദ്രന്റെ വിമർശം.
'രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ കൊല്ലത്ത് ഉണ്ടായത് രാഷ്ട്രീയ വിവാദങ്ങൾ ആയിരുന്നില്ല. തികച്ചും വ്യക്തികേന്ദ്രീകൃതമായിരുന്നു. കഴിഞ്ഞ രണ്ട് മാസക്കാലം കൊല്ലം ലോക്‌സഭാ മണ്ഡലത്തിലുണ്ടായ വിവാദങ്ങളുടെ കേന്ദ്രബിന്ദു. എൽ.ഡി.എഫ് എന്ന്‌പോലും പറയുന്നില്ല, സി.പി.എമ്മിന്റെനേതൃത്വത്തിൽ സ്വഭാവ ഹത്യയിൽ മാത്രംകേന്ദ്രീകരിച്ചുകൊണ്ട് ഒരു പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് കൊല്ലത്ത് മാത്രമായിരിക്കും.
സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളെ കുറിച്ചുംകോട്ടങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ ഉണ്ടായില്ല. അഞ്ച് വർഷം എം.പിയായിരിക്കെ നടത്തിയ വികസപ്രവർത്തനങ്ങളെ കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തലോ സംവാദമോ പൊതുമണ്ഡലത്തിൽ ഉണ്ടായില്ല. ആകെ ഉണ്ടായ സംവാദങ്ങൾ, യു.ഡി.എഫിന്റെ സ്ഥാനാർത്ഥി എന്ന നിലയിൽ തന്നെ വ്യക്തികേന്ദ്രീകൃതമായ ഹത്യ നടത്തുക മാത്രമായിരുന്നു'.
വ്യക്തിഹത്യയിൽ കേന്ദ്രീകരിച്ചതിനാൽ തന്നെ കൊല്ലം പാർലമെന്റ് തfരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായി കാണാൻ സി.പി.എം ആഗ്രഹിച്ചില്ല എന്ന് വ്യക്തമാക്കുന്നു. വ്യക്തിഹത്യയിലൂടെ ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായനേട്ടം കൊയ്യാമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സഹായത്തോടെ ഗവേഷണം നടത്തിയാണ് അവർ പ്രചാരണം നടത്തിയത്. എന്നാൽ അതെല്ലാം തനിക്ക് ഗുണം ചെയ്‌തെന്നാണ് കരുതുന്നത്'-പ്രേമചന്ദ്രൻ പറഞ്ഞു.
താൻ ആർ.എസ്.എസ് ആണെന്നതടക്കമുള്ള പ്രാചരണങ്ങൾ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ നടത്തിയത് തോമസ് ഐസക് അടക്കമുള്ള മൂന്ന് മുതിർന്ന നേതാക്കളാണെന്നും പ്രേമചന്ദ്രൻ വിമർശിച്ചു.