2019-election
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളില്നിന്നും വോട്ടു ചെയ്തു മടങ്ങുന്ന വൃദ്ധൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ കേരളത്തിൽ വ്യാപകമായ രീതിയിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലാണെന്ന ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തള്ളി. കേരളത്തിൽ വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ തകരാർ സ്വാഭാവികമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമുണ്ടായി. ഇത് മൂലം വോട്ടിംഗ് യന്ത്രങ്ങളിൽ ഈർപ്പമുണ്ടായതിന്റെ പേരിലാണ് ചിലയിടങ്ങളിൽ തകരാർ സംഭവിച്ചത്. ഇക്കാര്യം അതത് ജില്ലാ കളക്‌ടർമാർ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത് സ്വാഭാവികമായ നടപടിയാണ്. വളരെ സെൻസിറ്റീവായ യന്ത്രത്തിൽ ചില തകരാറുകൾ സംഭവിച്ചേക്കും. ഇത് അതത് റിട്ടേണിംഗ് ഓഫീസർമാർ പരിഹരിക്കുന്നുണ്ട്. എന്നാൽ വ്യാപകമായ തകരാറുകൾ ഉണ്ടെന്ന ആരോപണം തെറ്റാണ്. ഇതുവരെ 12 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ബാക്കിയുള്ളവരും പെട്ടെന്ന് തന്നെ വോട്ട് രേഖപ്പെടുത്തണം. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മണ്ഡലത്തിലെ കോവളം ചൊവ്വര ബൂത്തിലും ചേർത്തലയിലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌താൽ ബി.ജെ.പിക്ക് വോട്ടുപോകുമെന്ന വാർത്ത ഏറെ വിവാദമായിരുന്നു. കോവളത്ത് 76 വോട്ടുകൾ ചെയ്‌തതിന് ശേഷമാണ് പിഴവ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവിടെ മറ്റൊരു വോട്ടിംഗ് യന്ത്രമെത്തിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. ആദ്യം പോൾ ചെയ്‌ത വോട്ടുകൾ വോട്ടെണ്ണൽ സമയത്ത് പരിശോധിക്കാമെന്ന് കമ്മിഷൻ നിലപാട്. ഇതിനെതിരെ യു.ഡി.എഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായെന്നും ആരോപണമുണ്ട്.