പാനൂർ: സംസ്ഥാനത്ത് രണ്ടിടത്തായി വോട്ടിംഗിനിടെ രണ്ട് പേർ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ചൊക്ലിയിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി രാമവിലാസം യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ മാറോളി വിജി(62)ആണ് മരിച്ചത്. അതേസമയം, വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്.
സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടെന്നാരോപിച്ച് വ്യാപക പരാതി ഉയരുകയാണ്. പോളിംഗിനായി എത്തിച്ച് വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപക തകരാറെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിച്ചു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ രാത്രിയായാലും പോളിംഗ് കഴിയില്ലെന്നും മന്ത്രി കാസർക്കോട്ട് പറഞ്ഞു. തിരുവനന്തപുരത്ത് കൈപ്പത്തിക്ക് ചെയ്ത വോട്ട് താമരക്ക് പോകുന്നുവെന്ന പരാതിയെ തുടർന്ന് വോട്ടിംഗ് മെഷീൻ മാറ്റിയിരുന്നു.