modi-vs-priyanka

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നൽകി എസ്.പി - ബി.എസ്.പി സഖ്യം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിറുത്തി. മുൻ കോൺഗ്രസ് നേതാവിന്റെ മരുമകളായ ശാലിനി യാദവിനെയാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത്. അതേസമയം, സ്ഥാനാർത്ഥിത്വം അന്തിമമല്ലെന്നും എസ്.പി - ബി.എസ്.പി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. നേരത്തെ വാരണാസിയിൽ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കയും രാഹുലും ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്‌തു. പ്രിയങ്കാ ഗാന്ധി സ്ഥാനാർത്ഥിയാവുകയാണെങ്കിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്‌ക്കുമെന്നും സൂചനകളുണ്ടായിരുന്നു.

ചെറുതല്ലാത്ത കണക്ക്

യു.പിയിലെ മഹാസഖ്യത്തിനു പുറത്താണെങ്കിലും,​ പ്രതിപക്ഷ പാർട്ടികളുടെ പൊതുസ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധിയെ വാരണാസിയിൽ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് സമാജ്‌വാദി,​ ബഹുജൻ സമാജ് പാർട്ടികളുമായി കോൺഗ്രസ് യു.പി ഘടകം രഹസ്യ ചർച്ചകൾ തുടരുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ. ഒരുമിച്ചു മത്സരിക്കുന്ന എസ്.പിയോ ബി.എസ്.പിയോ കോൺഗ്രസിന്റെ അഭ്യർത്ഥന മറികടന്ന് അവിടെ സ്ഥാനാർത്ഥിയെ നിറുത്താനും സാധ്യത കുറവാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ ഈ ധാരണയാണ് എസ്.പി - ബി.എസ്.പി സഖ്യം തെറ്റിച്ചിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്ന് നരേന്ദ്ര മോദി വിജയിച്ചത് 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. അന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ ആയിരുന്നു രണ്ടാം സ്ഥാനത്ത്. അന്ന് വെവ്വേറെ മത്സരിച്ച എസ്.പിയും ബി.എസ്.പിയും ഇക്കുറി ഒരുമിച്ച്. ഇരുകൂട്ടരുടെയും മുൻ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതം ചേർത്താൽ ഒരുലക്ഷത്തിലധികം വരും. കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയത് 75,614 വോട്ട്. ഇതെല്ലാം കൂടി ചേരുന്നതിന്റെ ഇരട്ടി വരും,​ മോദിക്കെതിരെ നിൽക്കുന്നത് പ്രിയങ്കാ ഗാന്ധിയാണെങ്കിൽ എന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വിചാരിച്ചാൽ കണക്ക് അത്ര നിസ്സാരമല്ലെന്നു പിടികിട്ടും.