vvpat

പത്തനംതിട്ട: പത്തനംതിട്ട ആനപ്പാറ എൽ.പി സ്കൂളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ പുതിയ യന്ത്രം വച്ചു. പത്തനംതിട്ടയിൽ വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തിയതായി പരാതി വരുന്നുണ്ട്. ചെന്നീർക്കര 180ആം നമ്പർ, കലഞ്ഞൂർ 162ആം നമ്പർ, തോട്ടപ്പുഴശ്ശേരി 55ആം നമ്പർ, കോന്നി 155ആം നമ്പർ , ഇലന്തൂർ 131ആം നമ്പർ, 132ആം നമ്പർ. കോൺഗ്രസ്സ് , ബി.ജെ.പി ചിഹ്നങ്ങളിൽ വോട്ട് വീഴുന്നില്ലെന്നാണ് പരാതി.

അതേസമയം, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നതായി പരാതിയുയർന്നിരുന്നു. എന്നാൽ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ.വാസുകി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ ഊഴം ആരംഭിച്ചു. രാവിലെ ഏഴു മണിക്കു തന്നെ 20 മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഏഴു മണി മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. അതിരാവിലെ മുതൽ തന്നെ വിവിധ പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്.