പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ താമര ചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നില്ലെന്ന് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ രംഗത്തെത്തി. പല മണ്ഡലങ്ങളിലും താമര ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിലെ വിവിധ ബൂത്തുകളിൽ താമര തെളിഞ്ഞില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഏനാദി മംഗലം, കോന്നി എന്നിവിടങ്ങളിലെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് യൂണിറ്റിൽ താമര ചിഹ്നം കാണാനില്ലെന്ന പരാതിയും ഉയർന്നു. ഇവിടെയും പോളിംഗ് നിർത്തിവച്ച് തകരാർ പരിശോധിച്ചുവരികയാണ്. തകരാറുകളെ തുടർന്ന് ഇവിടങ്ങളിലെല്ലാം പോളിംഗ് നിർത്തിവയ്ക്കേണ്ടിവന്നത് വോട്ടർമാരെ ദുരിതത്തിലാക്കി. ഏറെ നേരം കാത്ത് നിന്ന ചിലർ വോട്ട് ചെയ്യാതെ മടങ്ങി. മെഷീനുകളുടെ തകരാർ പാർട്ടിപ്രവർത്തകരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
അതേസമയം, കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151ആം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ ഡോ. കെ.വാസുകി അറിയിച്ചു. ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.വോട്ടിംഗ് യന്ത്രത്തിലെ പിഴവ് അസാധ്യമാണെന്നും ഇക്കാര്യം ജില്ലാ കളക്‌ടർ പരിശോധിച്ച് ബോധ്യപ്പെട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയും അറിയിച്ചു.