innocent

തൃശൂർ: സുഹൃത്തും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്ക് താൻ വോട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നടനും ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഇന്നസെന്റ് രംഗത്ത്. ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിൽ ഭാര്യ ആലീസിനും മകൻ സോണറ്റിനും മരുമകൻ രശ്മിയ്ക്കുമൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്നസെന്റ് ആ രഹസ്യം വെളിപ്പെടുത്തിയത്.

'സുരേഷ് ഗോപി സുഹൃത്താണ്. കഴിഞ്ഞ തവണ പ്രചാരണത്തിന് വേണ്ടി സുരേഷ് ഗോപി വന്നുവെന്നത് ശരിയാണ്. അന്ന് അദ്ദേഹത്തിന് പാർട്ടി ഇല്ലായിരുന്നു. ഇന്ന് വേറൊരു പാർട്ടിയിലായി പോയി. എന്റെ പാർട്ടി വേറെയും. സുരേഷ് ഗോപിയെ പിന്തുണയ്ക്കാൻ പറ്റില്ല. എന്റെ പാർട്ടിക്കാർക്ക് അത് വിഷമമാകും. വോട്ട് ചെയ്യാനാകില്ലെന്ന് മനസിലായതു കൊണ്ടാകണം തൃശൂരിലെ വോട്ടറായിട്ടു കൂടി വോട്ടു ചോദിക്കാതിരുന്നത്'-ഇന്നസെന്റ് പറഞ്ഞു.

പണ്ട് പഠിക്കാത്തതിന് ടീച്ചർമാർ വരാന്തയിൽ നിർത്തിയിട്ടുണ്ട്. ഇക്കാര്യം മകൻ സോണറ്റിനോട് പറഞ്ഞപ്പോൾ അവനും പറഞ്ഞു . ' ഞാനും കുറേ വരാന്തയിൽ നിന്നിട്ടുണ്ട് അപ്പച്ച '. ഇവിടെ നിന്നിട്ട് കാര്യമില്ല . മൽസരിക്കുന്ന മണ്ഡലത്തിലേക്ക് പോകട്ടെ '- സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞവസാനിപ്പിച്ച് ഇന്നസെന്റ് മടങ്ങി.