c-divakaran

തിരുവനന്തപുരം: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണിൽ അമർത്തിയാലും താമരയ്‌ക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്നുവെന്ന ആരോപണത്തിൽ പരാതിയുമായി തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥി സി.ദിവാകരൻ രംഗത്തെത്തി. കോൺഗ്രസ് ചിഹ്നത്തിൽ വോട്ട് ചെയ്‌തപ്പോൾ താമരയ്‌ക്ക് വോട്ട് പോയെന്ന ആരോപണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്ന് ദിവാകരൻ പറഞ്ഞു. അതിനിടെ തിരുവനന്തപുരം വെള്ളറട പഞ്ചായത്തിൽ വൈദ്യുതിയില്ലാത്തിന്റെ പേരിൽ വോട്ടിംഗ് തടസപ്പെട്ടുവെന്ന് പരാതി. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

കോവളത്തെ ചൊവ്വരയിലും ആലപ്പുഴയിലെ ചേർത്തലയിലും കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോൾ വിവി പാറ്റിൽ തെളിഞ്ഞത് താമര ചിഹ്നമാണെന്നും പത്തനംതിട്ടയിലെ വിവിധ ബൂത്തുകളിൽ താമര തെളിഞ്ഞില്ലെന്നുമുള്ള ആരോപണം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഏത് ബട്ടണിൽ കുത്തിയാലും താമരയ്‌ക്ക് വോട്ട് വീഴുന്നതെങ്ങനെ എന്ന് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ശശി തരൂറും പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമെന്ന് ടിക്കാറാം മീണ

സംസ്ഥാനത്ത് വോട്ടിംഗിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കുണ്ടായ തകരാർ ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.. മെഷീൻ തകരാറിനെ പറ്റി സംസ്ഥാനത്ത് വൻതോതിൽ പരാതികളില്ല.ചില സ്ഥലങ്ങളിൽ മാത്രമാണ് പരാതിയുണ്ടായത്. പരാതികളിൽ പുതുമയില്ല. മെഷീൻ സെൻസിറ്റീവായതിനാൽ ഇന്നലെയുണ്ടായ മഴയും മിന്നലും തകരാറിന് കാരണമായേക്കാം. ഇവിടങ്ങളിലെല്ലാം പ്രശ്ന പരിഹാരത്തിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിസർവ്വ് മെഷീനുകളെത്തിച്ച് തകരാർ കണ്ട സ്ഥലങ്ങളിൽ പോളിംഗ് തടസം കൂടാതെ നടത്തും. മെഷീനുകളുടെ തകരാർ സംബന്ധമായ അനാവശ്യ അഭ്യൂഹങ്ങളിൽ വോട്ടർമാർ വഞ്ചിതരാകരുതെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അഭ്യർത്ഥിച്ചു.