കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാറെന്ന പരാതി ഉയർന്നതോടെ റീപോളിംഗ് ആവശ്യപ്പെട്ട് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പർ 79 ൽ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടർന്നെന്നും റീപോളിംഗ് നടത്തണമെന്നും തുഷാർ ആവശ്യപ്പെട്ടു.
രണ്ടു തവണ അമർത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും യന്ത്രം മാറ്റിയില്ലെന്നും അതിനാൽ റീപോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് തുഷാർ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് അഡ്വക്കറ്റ് സുനിൽ കുമാർ മുഖേന വരണാധികാരിക്ക് കത്ത് നൽകി.
അതേസമയം, ആദ്യ മൂന്ന് മണിക്കൂറിൽ തന്നെ വയനാട്ടിലും പത്തനംതിട്ടയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ പോളിംഗ് ബൂത്തുകളിലും രാവിലെ മുതൽ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. വയനാട് മണ്ഡലത്തിൽ പത്തരയോട് കൂടി 21.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബത്തേരിയിൽ 21.23 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.