കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ടം ആവേശഭരിതമായി മുന്നേറുകയാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളടക്കമുള്ളവരെല്ലാം തന്നെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു വരികയാണ്. മെഗാ സ്‌റ്റാർ മമ്മൂട്ടി ഭാര്യ സുൽഫിത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. പനമ്പിള്ളി നഗർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിലായിരുന്നു മമ്മൂട്ടിയുടെ വോട്ട്. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും, എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
'എല്ലാവരും വോട്ട് ചെയ്യണം. വോട്ട് നമ്മുടെ അധികാരമാണ് അവകാശമാണ്. നമ്മൾ നമുക്ക് വേണ്ടി നമ്മുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയാണ്. അവരുടെ മേന്മയും, ക്വാളിറ്റിയും അനുസരിച്ചാണ് നമ്മൾ വോട്ട് ചെയ്യുന്നത്. ഒരുപക്ഷെ അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യേകത ഒക്കെയാവും. ഈ രണ്ടു പേരും വേണ്ടപ്പെട്ട ആൾക്കാരാണ്. പരസ്പരം മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ജയിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ പലരും. എന്റെ സുഹൃത്തുക്കളുണ്ട്, സഹപ്രവർത്തകരുണ്ട്, കൂടെ പഠിച്ചവരുണ്ട്, പരിചയക്കാറുണ്ട്. എനിക്കൊരു വോട്ട് ഉണ്ട്, അതൊരാൾക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും ചെയ്യും പോലെ നമ്മുടെ ഓരോ കാരണങ്ങൾ, നമ്മുടെ ഓരോ തീരുമാനങ്ങൾ, പ്രാധാന്യങ്ങൾ, മുൻഗണകൾ ഇതൊക്കെ അനുസരിച്ചിട്ടാണ് ചെയ്യുന്നത്. പക്ഷെ വോട്ട് ചെയ്യാതിരിക്കരുത്'- മമ്മൂട്ടി പറഞ്ഞു.