കണ്ണൂർ: കേരളത്തിൽ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ ആവില്ലെന്നും എല്ലാ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഇടത് തരംഗം നിലനിൽക്കുന്നുണ്ട്. 2004ൽ ഇടത് മുന്നണിക്ക് 18 സീറ്റ് കിട്ടിയെങ്കിൽ ഇത്തവണ അത് 19ആകും. അത്ഭുതങ്ങൾ സംഭവിക്കുമെന്നും യു.ഡി.എഫിനും ബി.ജെ.പിക്കും കേരള ജനത കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പതിനെട്ട് സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവർത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുക. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതൽ അവസാനംവരെ എൽ.ഡി.എഫ് നിലനിർത്തിയ മേൽക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്നത് ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം ഉണ്ടായിരുന്ന പല കക്ഷികളും വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഇപ്പോൾ ഇടതുപക്ഷ ചേരിയിലാണ്. എൽ.ഡി.എഫിന്റെ അടിത്തറ കൂടുതൽ ശക്തമായി. ഒരു അപസ്വരവുമില്ലാതെ പൂർണമായ ഐക്യത്തോടെയാണ് എൽ.ഡി.എഫ് പ്രവർത്തിച്ചത്. അതിന്റെ പ്രയോജനം വിധിയെഴുത്തിലുണ്ടാകും.
മുമ്പ് നടന്ന പല തിരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പ് ജനങ്ങൾ ഏറ്റെടുത്ത അനുഭവമാണ് ഉണ്ടായത്. പാറശാല മുതൽ മഞ്ചേശ്വരംവരെയുള്ള പ്രദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണ്. ബി.ജെ.പിക്കും കോൺഗ്രസിനും എതിരെ ശക്തമായ ജനവികാരമാണ് അടിത്തട്ടിൽ കാണാൻ കഴിഞ്ഞത്. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങളെ അവഗണിച്ച നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചത്. വർഗീയമായ ചേരിതിരിവും അസ്വസ്ഥതയും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് നോക്കിയത്. നരേന്ദ്ര മോദിക്ക് മുമ്പ് അഞ്ചുവർഷം ഭരിച്ച കോൺഗ്രസ് സ്വീകരിച്ച ദ്രോഹനടപടികളും ജനങ്ങൾ വിസ്മരിച്ചിട്ടില്ല. ഇതെല്ലാം എൽ.ഡി.എഫിന് വലിയ വിജയം നൽകും. സംസ്ഥാന സർക്കാരിനെതിരായ വികാരം എവിടെയും കാണാൻ കഴിഞ്ഞില്ല എന്നതാണ് സവിശേഷമായ വസ്‌തുത. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് കാലത്ത് ഭരണത്തിലിരിക്കുന്ന സർക്കാരിനെതിരെ എതിർപ്പ് സ്വാഭാവികമാണ്. ഭരണപരമായ കാര്യങ്ങളിൽ ഒരു വിഭാഗത്തിൽനിന്നും അത്തരം എതിർപ്പ് ഉയർന്നില്ല എന്നത് എൽ.ഡി.എഫിനുള്ള ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.