vote

ജംഷഡ്പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നവരെ സന്തോഷിപ്പിക്കാൻ വ്യത്യസ്തമായ പദ്ധതികളുമായി എത്തിയിരിക്കുകയാണ് വ്യാപാരി സംഘടനകൾ. രാജ്യത്ത് പോളിംഗ് ശതമാനം ഉയർത്തുന്നതിനായി അണിചേരാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഹ്വാന പ്രകാരമാണ് ഓഫറുകളുടെ പെരുമഴയുമായി സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയത്.

ഇന്ന് ബൈക്ക് വാങ്ങാൻ എത്തുന്നവർക്ക് വോട്ടു ചെയ്തതിന്റെ അടയാളമായ ചൂണ്ടുവിരലിലെ മഷി കാണിച്ചാൽ ബൈക്കിന്റെ വിലയിൽ നിന്ന് ആയിരം രൂപ കിഴിവുണ്ടാകുമെന്നാണ് ഓഫർ. ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരി വ്യവസായികളാണ് ഇത്തരം ഒരു ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. രാജ്യത്ത് പോളിംഗ് ശതമാനം കൂട്ടാനും സമ്മതിദാനം വിനിയോഗിക്കാൻ ആൾക്കാരെ പ്രോത്സാഹിപ്പിക്കാനും വിവിധ സമ്മാന പദ്ധതികളുമായി എത്തുന്ന വ്യാപാരി സംഘടനകളുടെ വാഗ്ദാനങ്ങളിലൊന്നാണിത്.

ക്യൂ നിന്ന് വോട്ട് ചെയ്യാൻ ക്ഷമ കാട്ടുന്നവർക്ക് ഐസ്ക്രീമും, വെള്ളവും മുതൽ പെട്രോളിൽ വരെ വിലക്കുറവ് ഉൾപ്പെടെയുള്ള ആകർഷണീയമായ ഓഫറുകളുമായി വിവിധ സംസ്ഥാനങ്ങളിൽ വ്യാപാരികളുടെ സംഘടനകളാണ് ഇത്തവണ രംഗത്ത് വന്നിരിക്കുന്നത്. വോട്ട് ചെയ്ത അടയാളവുമായി എത്തുന്നവർക്ക് രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പെട്രോളിനും ഡീസലിനും ലിറ്ററിന് 50 പൈസ നിരക്കിൽ കുറച്ച് നൽകുമെന്ന് ഡൽഹിയിലെ പെട്രോൾ പമ്പ് ഉടമകളുടെ സംഘടനാ നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടാതെ കുടിവെള്ളവും ഐസ്ക്രീമും മുതൽ പല സാധനങ്ങൾക്കും അഞ്ച് മുതൽ 30ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാപാരി വ്യവസായികൾക്ക് പുറമേ ഡൽഹിയിലെ ചില ഡോക്ടർമാരും ഇന്നത്തെ ദിനം ചില ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 1000 രൂപ വരെ പ്രതിദിന ഫീസ് വാങ്ങുന്ന ഡോക്ടർമാർ ഇന്നത്തെ ചികിത്സ സൗജന്യമായി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.