vote

തിരുവനന്തപുരം: തിരുവനന്തപുരം പാൽകുളങ്ങര യു.പി സ്‌കൂളിലെ 37–ാം ബൂത്തിൽ കള്ളവോട്ട് നടന്നെന്ന് പരാതി. പൊന്നമ്മാൾ ഭഗവതി എന്ന 78കാരിയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. വോട്ടിന് കൈയിൽ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചു. മറ്റൊരാൾ വോട്ട് ചെയ്‌തെന്ന് ബൂത്ത് ഏജൻുമാർ അറിയിച്ചതിനെ തുടർന്നാണ് വോട്ട് നിഷേധിച്ചത‌്.

നേരത്തെ,​ കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിരുന്നു. കൊല്ലം പട്ടത്താനം സ്കൂളിൽ ബൂത്ത് നമ്പർ 50 ലാണ് കള്ളവോട്ട് നടന്നത്. മാടൻ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോാ ചെയ്തെന്ന് പോളിംഗ് ഓഫീസർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്. സംഭവത്തെ തുടർന്ന് പോളിംഗ് ബൂത്തിൽ വോട്ടർമാർ പ്രതിഷേധിച്ചു. ശേഷം,​ ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടർ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം,​ ജില്ലയിൽ മികച്ച പോളിംഗാണ് നടക്കുന്നത്. ആറ്റിങ്ങലിൽ വാമനപുരം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നെയ്യാറ്റിൻകര നിയമസഭാ മണ്ഡലമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ.