തിരുവനന്തപുരം: കോൺഗ്രസിന് കുത്തിയപ്പോൾ വോട്ട് പോയത് താമരയ്ക്കെന്ന പരാതിയുമായി തിരുവനന്തപുരത്തെ വോട്ടർ രംഗത്തെത്തി. വീണ്ടും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണമെന്നാണ് വോട്ട് ചെയ്ത യുവതിയുടെ ആവശ്യം. കോവളം ചൊവ്വ 151ാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. വോട്ട് രേഖപ്പെടുത്തിയപ്പോൾ താമരയ്‌ക്കുപോയത് താൻ കൃത്യമായി കണ്ടുവെന്ന് യുവതി പറയുന്നു.
''രാവിലെ വോട്ട് ചെയ്യാൻ പോയത് കോൺഗ്രസിനാണ്. ഒരുപാട് നേരം പ്രസ് ചെയ്‌തപ്പോൾ മെഷീൻ പ്രവർത്തിച്ചില്ല. അടുത്തിരുന്ന ഓഫീസറോട് പറഞ്ഞപ്പോൾ സഹായത്തിന് വന്നു. പ്രസ് ചെയ്‌തപ്പോൾ കോൺഗ്രസിന് കൊടുത്ത വോട്ട് താമരക്കാണ് പോയത്. വി.വിപാറ്റിലും മെഷീനിലും താമരയാണ് തെളിഞ്ഞത്. അത് കൃത്യമായി കണ്ടു. ആദ്യം ഭർത്താവിനോടാണ് പറഞ്ഞത്. എനിക്ക് താമരക്ക് വോട്ടു കൊടുക്കണ്ട. കോൺഗ്രസിനു തന്നെ കൊടുക്കണം. റീപോളിംഗ് വേണ''മെന്നും യുവതി പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
മെഷീൻ തകരാർ ഇല്ലെന്നും നിങ്ങൾക്ക് വോട്ടു ചെയ്യാൻ അറിയാത്തതു കൊണ്ടുള്ള പ്രശ്നമാണെന്നുമാണ് പരാതിപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് പരാതിക്കാരുടെ ഭർത്താവ് പറഞ്ഞു. വോട്ട് മാറിപ്പോയ 76 പേർക്കും വീണ്ടും റീപോളിംഗിന് അവസരം കൊടുക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ.വാസുകി നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി സാധ്യമല്ലെന്നും, ചെയ്യുന്ന വോട്ടുകളെല്ലാം ബി.ജെ.പിയ്‌ക്ക് പോകുന്നുവെന്ന വാർത്ത വ്യാജമാണെന്നും വാസുകി പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിലൂടെയാണ് കളക്ടർ പ്രതികരിച്ചത്. ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു