തിരുവനന്തപുരം: മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന കേരളം റെക്കോർഡ് വോട്ടിംഗ് ശതമാനത്തിലേക്ക്. വോട്ടെടുപ്പിന്റെ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ അമ്പത് ശതമാനം വോട്ടിംഗ് പിന്നിട്ടു. വയനാട്,കണ്ണൂർ, കൊല്ലം മണ്ഡലങ്ങളിൽ കനത്ത പോളിംഗാണ് . കേരളത്തിൽ ഇതുവരെ മൊത്തം 51 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ റെക്കോർഡ് വോട്ടിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികൾക്കും പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ തങ്ങൾക്ക് അനുകൂലമായ ട്രെൻഡാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഇടത്, വലത് മുന്നണിയും എൻ.ഡി.എയും പ്രതികരിച്ചു.
രാവിലെ തന്നെ ക്യൂവിൽ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. സമീപകാലത്തുണ്ടായതിനേക്കാൾ ഏറ്റവും വലിയ ശതമാനം പോളിംഗ് ആണ് ഇത്തവണ ഉണ്ടാവുകയെന്നതാണ് രാവിലത്തെ വോട്ടർമാരുടെ ക്യൂ സൂചിപ്പിക്കുന്നത്. ഇനിയും മണിക്കൂറുകൾ ബാക്കി നിൽക്കുന്നതിനാൽ പോളിംഗ് ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്. മൂന്നു മുന്നണികളും കടുത്ത പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് തങ്ങൾക്കനുകൂലമായാണ് മൂന്ന് മുന്നണികളും കാണുന്നത്. കഴിഞ്ഞ തവണ 73.94 ശതമാനമായിരുന്നു പോളിംഗ് ശതമാനമെങ്കിൽ ഇത്തവണ അത് 75 കടക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ താരമ്യേന കുറഞ്ഞ പോളിംഗ് അനുഭവപ്പെട്ട തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ഇത്തവണ രാവിലെ കനത്ത പോളിംഗ് ആണ് നടന്നത്. സംസ്ഥാനത്ത് ഇതുവരെ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വോട്ടിംഗ് നടന്ന ഉടൻ തന്നെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രത്തിൽ ഉണ്ടായ തകരാറുകൾ തുടക്കത്തിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് വളരെ ഒറ്രപ്പെട്ട സംഭവങ്ങളാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് ഈർപ്പം കാരണമാണ് ചില മെഷീനുകൾ തകരാറിലായത്. അത് ഉടൻ തന്നെ മാറ്രി പുതിയവ സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വോട്ട് ചെയ്ത കണ്ണൂർ ജില്ലയിലെ പിണറായിയിലെ ബൂത്തിലും വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം കുറച്ചുസമയം പോളിംഗ് മുടങ്ങി.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായ മൂന്നാംഘട്ടത്തിൽ 117 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ കൂടാതെ ജമ്മു കാശ്മീരിലെ ഒന്ന്, ബിഹാറിലെ അഞ്ച്, പശ്ചിമബംഗാളിലെ അഞ്ച്, അസമിലെ നാല്, ഉത്തർപ്രദേശിലെ 10, , മഹാരാഷ്ട്രയിലെ 14, ചത്തീസ്ഗഡിലെ 7, ഒഡീഷയിലെ 6, കർണാടകയിലെ 14, ഗുജറാത്തിലെ 26, ത്രിപുരയിലെയും ഗോവയിലെയും രണ്ട് വീതം, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി , ദാമൻ ദ്യൂ ( ഓരോന്നു വീ തം) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിവരെ നീണ്ടു നിൽക്കും. വൈകിട്ട് ആറിന് മുമ്പ് ക്യൂവിൽ എത്തിയവർക്കും വോട്ട് ചെയ്യാം. തിരുവനന്തപുരത്തടക്കം പലയിടങ്ങളിലും രാവിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തകരാറിലായി. ചിലയിങ്ങളിൽ അത് പോളിംഗ് വൈകിപ്പിച്ചു. പകരം യന്ത്രം എത്തിച്ചും തകരാർ പരിഹരിച്ചുമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.