praghya-singh-thakur

ന്യൂഡൽഹി: തന്റെ അർബുദം ഇല്ലാതാക്കിയത് ഗോമൂത്ര മിശ്രിതമാണെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി സ്വാധി പ്രജ്ഞ സിംഗ് ഠാക്കൂർ പറഞ്ഞു. ഗോമൂത്ര മിശ്രിതവും പശുക്കളിൽ നിന്ന് ലഭിക്കുന്ന വസ്‌തുക്കൾ കൊണ്ട് നിർമിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിച്ചതിന് ശേഷമാണ് തന്റെ അർബുദം ഇല്ലാതായതെന്ന് സ്വാധി അവകാശപ്പെട്ടു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇവരുടെ അവകാശവാദം.

ഗോമൂത്രം കുടിച്ചതിന് ശേഷമാണ് തന്റെ സ്തനാർബുദം മാറിയതെന്നാണ് സാധ്വി സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്ന നേട്ടം. തനിക്ക് സ്തനാർബുദമുണ്ടായിരുന്നു. ഗോ മൂത്രവും പഞ്ചഗവ്യം ചേർത്ത ആയുർവേദ മരുന്നുകളും കഴിച്ചാണ് രോഗം ഭേദമാക്കിയതെന്നും സാധ്വി അവകാശപ്പെട്ടു. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാൽ എന്നിവ നിശ്ചിത അളവിൽ ചേർത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം. ഈ ചികിത്സയുടെ ജീവിക്കുന്ന തെളിവാണ് താനെന്നും സാധ്വി അവകാശപ്പെട്ടു. എന്നാൽ, പലയിടങ്ങളിലും പശുക്കളോട് മോശമായാണ് പെരുമാറുന്നത് ഇത് വേദനാജനകമാണ്. ഗോധനം അമൃതാണെന്ന് സാധ്വി പറഞ്ഞു.

പശുവിനെ പ്രത്യേക രീതിയിൽ തടവിയാൽ അയാളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സാധ്വി പറയുന്നു. പിന്നിൽ നിന്നും കഴുത്തിലേക്ക് തടവിയാൽ ഗോമാതാവിന് സന്തോഷമാവും. അത് നിങ്ങൾ ദിവസവും ചെയ്താൽ നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാവും. തിരിച്ചാണ് തടവുന്നതെങ്കിൽ രക്തസമ്മർദ്ദം മാറില്ലെന്നും ഇത് ശാസ്ത്രീയമാണെന്നും സാധ്വി കൂട്ടിച്ചേർത്തു.

ബാബരി മസ്ജിദ് പൊളിച്ചതിൽ കുറ്രബോധമില്ലെന്നും അതിൽ അഭിമാനിക്കുകയാണെന്നും. മലേഗാവ് സ്ഫോടന കേസിൽ തന്നെ പ്രതിയാക്കിയതിന് മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കറെയെ താൻ ശപിച്ചിരുന്നെന്നും അതിന്റെ ഫലമാണ് അദ്ദേഹത്തിന് കിട്ടിയതെന്നും സ്വാധി പ്രജ്ഞയുടെ പ്രസ്താവനക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.

തിങ്കളാഴ്ചയാണ് ഭോപ്പാലിൽ സാധ്വി പ്രജ്ഞ ഠാക്കൂർ നാമനിർദേശപത്രിക സമർപ്പിച്ചത്. മന്ത്രധ്വനികളുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ സാധ്വി ഇപ്പോൾ ജാമ്യത്തിലാണ്. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെതിരെയാണ് സാധ്വിയുടെ മത്സരം.