തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന വോട്ടർ ഇക്കാര്യം തെളിയിക്കണമെന്നും പരാതി തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതി തെറ്റെന്ന് തെളിഞ്ഞാൽ വോട്ടറെ പൊലീസിൽ ഏൽപ്പിക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 117ആം വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. സമാന സംഭവത്തിൽ തിരുവനന്തപുരത്ത് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ആം ബൂത്തിലെ എബിൻ എന്ന വോട്ടർക്കെതിരായാണ് കേസെടുത്തത്. താൻ വോട്ട് ചെയ്‌ത സ്ഥാനാർത്ഥിക്കല്ല വോട്ട് തെളിഞ്ഞതെന്ന് ഇയാൾ ആരോപിച്ചിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ടെസ്‌റ്റ് വോട്ട് നടത്തിയിരുന്നു. എന്നാൽ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തത്.
അതേസമയം, സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടെ ശക്തമായ പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. രാവിലെ വോട്ടിംഗ് തുടങ്ങിയപ്പോൾ തന്നെ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നെങ്കിലും ഇതെല്ലാം സാങ്കേതിക തകരാർ മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിക്കുന്നത്. ഒരു സ്ഥാനാർത്ഥിക്ക് കുത്തുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുമെന്നത് അസാധ്യമാണെന്നും ഇക്കാര്യത്തിൽ പരിഭ്രാന്തി വേണ്ടെന്നും കമ്മിഷൻ വിശദീകരണം നൽകിയിരുന്നു. എന്നാൽ പിന്നീടും പരാതികൾ തുടർന്നതോടെയാണ് പരാതി ഉന്നയിക്കുന്നവർ തന്നെ ഇക്കാര്യം തെളിയിക്കണമെന്ന് വ്യക്തമാക്കിയത്. വോട്ടിംഗ് യന്ത്രങ്ങൾക്കെതിരായ പരാതികൾ ഇതിലൂടെ തടയാമെന്നാണ് കമ്മിഷൻ കരുതുന്നത്. എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന സത്യസന്ധമായ പരാതികൾ പോലും ഇനി ഉന്നയിക്കാൻ വോട്ടർമാർ മടിക്കുമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.