ന്യൂഡൽഹി: കേരളത്തിനു പുറമെ യു.പിയിലും വോട്ടിംഗ് യന്ത്രത്തിനെതിരെ വ്യാപക പരാതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തുന്ന എല്ലാ വോട്ടും ബി.ജെ.പിക്കായി രജിസ്റ്റർ ചെയ്‌തുവച്ചിരിക്കുകയാണെന്ന് സമാജ്‍വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. മിക്ക പോളിംഗ് ഉദ്യോഗസ്ഥർക്കും ഇ.വി.എം ഉപയോഗിക്കാൻ വേണ്ട പരിശീലനം പോലും നൽകിയിട്ടില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ഇതുവരെ 350ലധികം വോട്ടിംഗ് മെഷീനുകളാണ് പുനഃസ്ഥാപിക്കപ്പെട്ടത്. 50000 കോടിയോളം ചിലവിടുന്ന ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.
കേരളത്തിന് പുറമെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 97 ലോക്‌സഭാ സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. അസമിലും ബംഗാളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിലും യു.പിയിൽ സമാജ്‍വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, സമാജ്‍വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, ബി.ജെ.പി എം.പി വരുൺ ഗാന്ധി എന്നിവരാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.