ആലുവ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത്. ഏഴു മണിക്കൂർ പിന്നിടുമ്പോൾ അമ്പത് ശതമാനത്തിലധികം പോളിംഗാണ് കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പതിവിൽ നിന്ന് വ്യത്യസ്‌തമായി കൂടുതൽ സിനിമാ താരങ്ങൾ ഇത്തവണ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തുകയുണ്ടായി. സൂപ്പർ താരം മോഹൻലാൽ രാവിലെ തന്നെ തിരുവനന്തപുരത്തെ മുടവൻമുകളിലുള്ള എൽ.പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഏറെ വർഷങ്ങൾക്ക് ശേഷമാണ് വോട്ട് ചെയ്യാൻ ലാൽ എത്തുന്നത്.
മെഗാ സ്‌റ്റാർ മമ്മൂട്ടി പനംപള്ളിനഗറിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് നമ്മുടെ അവകാശമാണെന്നും അതുകൊണ്ടുതന്നെ എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പറഞ്ഞു. ദിലീപാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയ മറ്റൊരു വി.ഐ.പി. അമ്മ സരോജത്തിനൊപ്പമാണ് ആലുവ പാലസിന് സമീപത്തെ പോളിംഗ് സ്റ്റേഷനിൽ ദിലീപ് എത്തിയത്. സഹോദരൻ അനൂപ്, അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയ, സഹോദരി ജയലക്ഷ്മി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെയെന്ന് വോട്ട് ചെയ്‌തതിന് ശേഷം മാദ്ധ്യമപ്രവർത്തരോട് പ്രതികരിക്കവെ ദിലീപ് വ്യക്തമാക്കി.