ആലപ്പുഴ: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽഗാന്ധി ജയിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തുഷാറിനൊപ്പം കണിച്ചുകുളങ്ങരയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങവെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ആലപ്പുഴയിൽ എ.എം ആരിഫ് പാട്ടുംപാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോൾ സംസ്ഥാനത്താകെ മികച്ച പോളിംഗ് തുടരുന്നു. വയനാട്,കണ്ണൂർ,കൊല്ലം തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ പേർ വോട്ടു രേഖപ്പെടുത്തിയത്. എറണാകുളത്താണ് കുറവ് പോളിംഗ്. വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് പല ബൂത്തുകളിലും വോട്ടിംഗ് വെെകാൻ കാരണമായി.