ചെന്നൈ: ക്യൂവിൽ നിൽക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ നടൻ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ പ്രതിഷേധം. ഇക്കഴിഞ്ഞ 20ാം തീയ്യതി തിരുവൺമിയുർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്താനായി ഇരുവരും എത്തിയത്. ക്യൂവിൽ നിൽക്കാതെ താരങ്ങളെ അകത്തുകയറ്റിവിട്ട പൊലീസ് നടപടിയെ ക്യൂവിൽ നിന്ന സ്ത്രീകൾ ചോദ്യം ചെയ്യാൻ തുടങ്ങി. തങ്ങൾ ഇവിടെ ക്യൂ നിൽക്കുമ്പോൾ പ്രത്യേക പരിഗണന നൽകിയ ചിലരെ കയറ്റിവിടുന്ന നടപടി ശെരിയല്ലെന്നായിരുന്നു സ്ത്രീകൾ പറഞ്ഞത്.
ക്യൂവിൽ നിന്ന ചില സ്ത്രീകൾ ശാലിനിയോട് കയർത്തു സംസാരിച്ചിരുന്നു. അജിത്തിനേയും ശാലിനിയേയും ചോദ്യം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ക്യൂവിൽ നിൽക്കാത്ത അജിത്തിന്റേയും ശാലിനിയുടേയും നടപടിയെ ചിലർ വിമർശിക്കുമ്പോൾ ഇരുവരേയും പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. അവർ ക്യൂവിൽ നിൽക്കാൻ തയ്യാറായിരുന്നെന്നും എന്നാൽ, ആരാധകരുടെ തള്ളിക്കയറ്റം മൂലമാണ് ഇരുവർക്കും പൊലീസ് സംരക്ഷണത്തിൽ ബൂത്തിനകത്ത് കയറേണ്ടി വന്നതെന്നുമാണ് ചിലർ പ്രതികരിക്കുന്നത്.