പരസ്യ ചിത്രങ്ങളിൽപോലും അധികം വരാത്ത താരമാണ് നയൻതാര. തന്റെ ശ്രദ്ധ അഭിനയത്തിൽ മാത്രം കേന്ദ്രീകരിക്കാനാണ് ഇഷ്ടമെന്ന് താരം പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് കൂടി താരം ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പിൽ നയൻതാര അവതാരകയായി എത്തുമെന്നാണ് അറിയുന്നത്. കളേഴ്സ് തമിഴ് ചാനലിന്റെ ഔദ്യോഗിക ട്വീറ്റാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയത്. കളേഴ്സ് തമിഴിൽ നയൻതാര വരുന്നോ, കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കൂ എന്നാണ് ചാനൽ പുറത്തുവിട്ട ട്വീറ്റിലുള്ളത്.
അതേസമയം, മുൻ ബിഗ്ബോസ് പതിപ്പുകളിലെപോലെ കമൽഹാസൻ തന്നെയാകും അവതാരകനായി എത്തുകയെന്നും വാർത്തകളുണ്ട്. കമൽഹാസൻ അവതരിപ്പിച്ച മുൻ ബിഗ് ബോസ് സീസണുകൾ വലിയ വിജയമായിരുന്നു. നിലവിൽ തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് കമൽ. അതുകൊണ്ടാണ് നയൻതാരയെ അവതാരകയാക്കാൻ അണിയറനീക്കം നടക്കുന്നതെന്നും പറയപ്പെടുന്നു.
തല അജിത് നായകനായെത്തിയ വിശ്വാസം, നയൻസ് ഇരട്ട വേഷത്തിലെത്തിയ ഐറ എന്നിവയാണ് ലേഡി സൂപ്പർ സ്റ്റാറിന്റേതായി ഒടുവിൽ റിലീസായ ചിത്രങ്ങൾ. ശിവകാർത്തികേയൻ നായകനാകുന്ന മിസ്റ്റർ ലോക്കൽ, ചക്രി സംവിധാനം ചെയ്യുന്ന കൊലയുതിർക്കാലം, ധ്യാൻ ശ്രീനിവാസന്റെ കന്നി സംവിധാന സംരംഭം ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. നിവിൻ പോളി നായകനാകുന്ന ലവ് ആക്ഷൻ ഡ്രാമ ഏറെനാളിനു ശേഷം നയൻസ് അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.