editorial-

വിദ്യാഭ്യാസ കാര്യങ്ങൾക്കും, ഉപജീവനമാർഗങ്ങളടക്കം വിവിധ ആവശ്യങ്ങൾക്കുമായി അയൽ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്ന മലയാളികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന്റെ ബീഭത്സമുഖമാണ് കഴിഞ്ഞദിവസം കൊച്ചിയിലെ വൈറ്റിലയിൽ കണ്ടത്. ബംഗളൂരുവിൽ പരീക്ഷയെഴുതാനായിപ്പോയ വിദ്യാർത്ഥികൾക്കും, പിറന്നാൾദിനത്തിൽ ഗുരുവായൂർ ദർശനം നടത്താൻ പോയ യുവാവിനുമാണ് യാത്രചെയ്ത സ്വകാര്യബസിലെ ജീവനക്കാരിൽ നിന്നും അതിക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട എന്ന സ്വകാര്യ ബസ് അർദ്ധരാത്രി ഹരിപ്പാട് വച്ച് കേടായപ്പോൾ പകരം യാത്രാസംവിധാനം ആവശ്യപ്പെട്ടുവെന്നതാണ് ഇവർ ചെയ്ത അപരാധം. ബസിലെ ജീവനക്കാരും അവർ ഏർപ്പെടുത്തിയ ഗുണ്ടകളും ചേർന്ന് നടത്തിയ നരനായാട്ട് യാത്രക്കാരിൽ പൊതുവേ ഭീതിപരത്താൻ ഇടയാക്കിയിട്ടുണ്ട്. ബസിന്റെ പെർമിറ്റ് റദ്ദാക്കുകയും , ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ടെങ്കിലും സംഭവം നടക്കുമ്പോൾ പരാതിക്കാരെ അവഹേളിക്കുന്ന വിധമാണ് പൊലീസ് പെരുമാറിയതെന്ന് വിമർശനമുയർന്നിട്ടുണ്ട്. ദീർഘദൂര സ്വകാര്യ ലക്ഷ്വറി ബസ് സർവീസുകളിൽ യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ ചെറിയൊരു ഉദാഹരണമായിട്ടേ ഈ സംഭവത്തെ കാണാൻ കഴിയുകയുള്ളു. യാത്രക്കാരിൽ നിന്ന് വലിയ നിരക്ക് ഈടാക്കുമെങ്കിലും അവർക്കു വേണ്ട പരിമിതമായ സൗകര്യങ്ങൾ പോലും നൽകാറില്ലെന്നും പൊതുവെ ആക്ഷേപമുണ്ട്.

അന്തർസംസ്ഥാന ദീർഘദൂരയാത്രകൾക്ക് പൊതുഗതാഗത സംവിധാനത്തെ മാത്രം ആശ്രയിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഇപ്പോഴത്തെ പ്രതിഷേധവും ഒച്ചപ്പാടുമൊക്കെ താത്കാലികം മാത്രമായിരിക്കും. എല്ലാ നിയമ വ്യവസ്ഥകളെയും കാറ്റിൽ പറത്തിയാണ് കേരളത്തിൽ നിന്നുമുള്ള സ്വകാര്യ ലക്ഷ്വറി ബസുകളിൽ നല്ലൊരുപങ്കും ദീർഘദൂര സർവീസുകൾ നടത്തിവരുന്നത്. മാന്യമായി സർവീസ് നടത്തുന്നവർക്കു കൂടി ഇവർ പേരുദോഷമുണ്ടാക്കുന്നു. ആവശ്യത്തിലധികം യാത്രക്കാരുള്ളതിനാൽ, നിയമവിരുദ്ധമായി എന്തും ചെയ്യാനുള്ള ധൈര്യവും എന്ത് ഗുണ്ടായിസവും കാട്ടാമെന്നുള്ള ചിന്താഗതിയും ഇവരിൽ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പ്രമാണികളുടേയും ഉദ്യോഗസ്ഥ വിഭാഗത്തിന്റേയും ഒത്താശയും കൂടിയാകുമ്പോൾ അവർക്ക് കാര്യങ്ങൾ എളുപ്പമാകുന്നു. ഒരു നിശ്ചിത സ്ഥലത്ത് നിന്ന് യാത്രക്കാരുമായി ഉദ്ധിഷ്ട സ്ഥാനത്തേക്ക് സഞ്ചരിക്കാവുന്ന കോൺട്രാക്‌ട് കാര്യേജിനുള്ള അനുമതിയാണ് സ്വകാര്യ ബസുകൾക്കു നൽകുന്നതെങ്കിലും തന്നിഷ്ടം പോലെ വിവിധ സ്റ്റോപ്പുകളിൽ നിറുത്തി ആളെക്കയറ്റിയാണ് അവർ സർവീസ് നടത്തിവരുന്നത്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾക്കു മുന്നിൽപ്പോലും നിറുത്തി യാത്രക്കാരെ കയറ്റുന്ന സ്വകാര്യബസ്സുകളുടെ ഹുങ്കിനു മുന്നിൽ നമ്മുടെ പൊതുമേഖലാ ഗതാഗത സംവിധാനത്തിന് കുമ്പിട്ടു നിൽക്കുകയേ മാർഗമുള്ളു. അന്തർസംസ്ഥാന ദീർഘദൂര സർവീസിനു പുറമെ കേരളത്തിനകത്തും പെർമിറ്റ് പോലുമില്ലാതെ സമാന്തര സർവീസ് നടത്തിവരുന്ന സ്വകാര്യ ലക്ഷ്വറി ബസുകളുണ്ട്. പകൽപോലെ നഗ്നമായ ഈ നിയമലംഘനത്തിനു മുന്നിൽ മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസും കണ്ണടയ്‌ക്കുകയാണ് പതിവ്. മോട്ടോർ വാഹനവകുപ്പിൽ മൂവായിരത്തോളം വരുന്ന എൻഫോഴ്സ്മെന്റ് ജീവനക്കാരുണ്ട്. പൊലീസിനും പരിശോധന നടത്താനാകും. നിയമപാലനം ഉറപ്പു വരുത്തേണ്ടവർ അത് ചെയ്തിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. കൈക്കൂലി നൽകി എന്തും ഒതുക്കാമെന്ന വിശ്വാസമുള്ളതിനാൽ യാത്രക്കാരോട് എത്ര പരുഷമായി പെരുമാറുന്നതിനും ബസ് ജീവനക്കാർക്ക് മടിയില്ലാതായി. മാത്രമല്ല യാത്രക്കാർ ജീവൻ പണയം വച്ചിരിക്കേണ്ട വിധം അമിതവേഗത്തിലാണ് ഇവർ വാഹനമോടിക്കുന്നത്. രാത്രി സമയങ്ങളിൽ പരമാവധി അനുവദനീയ സ്പീഡ് മണിക്കൂറിൽ 90 കിലോമീറ്ററാണെങ്കിൽ പല ബസുകളും 150 കിലോമീറ്റർ സ്‌പീഡിൽ വരെ ലക്കുകെട്ട വിധമാണ് പായുന്നത്. നിയന്ത്രിക്കാനാവാത്ത ഈ വേഗം മൂലം എതിരെ വരുന്ന വഴിയാത്രക്കാരെപ്പോലും ഇടിച്ചുതെറിപ്പിച്ച നിരവധി അപകടങ്ങൾ നമ്മുടെ കൺമുന്നിൽത്തന്നെ നടന്നിട്ടുണ്ട്.

ഇതിനൊക്കെ പുറമെ കർണാടകത്തിൽ നിന്ന് മയക്കുമരുന്ന് കടത്താനും ഇരുചക്രവാഹനങ്ങളുടെ ഭാഗങ്ങൾ സംയോജിപ്പിക്കാതെ പാഴ്സലായി കടത്തി നികുതിവെട്ടിക്കാനും, മറ്റ് ചരക്കുകൾ കടത്താനും, കള്ളപ്പണം കൊണ്ടുവരാനും മാഫിയാസംഘങ്ങൾ സ്വകാര്യബസ് സർവീസുകളെ ഉപയോഗിക്കുന്നുണ്ട്. ഒരു വാഹനത്തിനു മാത്രം പെർമിറ്റ് എടുക്കുകയും അതേ നമ്പരിൽത്തന്നെ നിരവധി ബസുകൾ ഓടിക്കുന്ന പതിവുമുണ്ട്. യാത്രക്കാർക്ക് സേവനം നൽകേണ്ട ബസിലെ ജീവനക്കാർ ആരൊക്കെയാണെന്നോ, അവരുടെ പശ്ചാത്തലമെന്താണെന്നോ ഉള്ള ഒൗദ്യോഗികവിവരങ്ങൾ ഉദ്യോഗസ്ഥരുടെ കൈയ്യിലുണ്ടാകാറില്ല. ഇതു സംബന്ധിച്ച പരിശോധനയ്ക്ക് മുതിരാറുമില്ല.

ഏഴുലക്ഷത്തിലധികം മലയാളികൾ താമസിക്കുന്ന നഗരമാണ് ബംഗളൂരു .അവിടേക്ക് കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഈ റൂട്ടിൽ 500 ഓളം സ്വകാര്യലക്ഷ്വറി ബസുകൾ പതിവായി സർവീസ് നടത്തുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് 10 സ്കാനിയ ബസുകളടക്കം 46 ഷെഡ്യൂളുകളിലായി 92 ബസുകൾ മാത്രമാണുള്ളത്. ചെന്നൈയിലേക്കുള്ള സർവീസുകൾ മുടങ്ങിയിട്ട് നാളുകളേറെയായി. കെ.എസ്.ആർ.ടിസി സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് സ്വകാര്യമേഖലയുടെ ആധിപത്യത്തിന് വഴിതെളിച്ചത്. പൊതുഗതാഗതം ശക്തിപ്പെടുത്താൻ അടിയന്തര മാർഗങ്ങൾ കൈക്കൊള്ളാൻ സർക്കാർ അമാന്തിക്കരുത്. അതോടൊപ്പം നിയമ വിധേയമായ നിലയിൽ പ്രവർത്തിക്കാൻ സ്വകാര്യമേഖലയെ അനുവദിക്കുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വകാര്യ ബസ് സർവ്വീസുകളെ പാടെ ഒഴിവാക്കിക്കൊണ്ട് ഒരു സംവിധാനം പ്രായോഗികമല്ല. ദീർഘദൂര സ്വകാര്യ ബസ് സർവീസുകളെ നിയന്ത്രിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ക്വാഡിന് രൂപം നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പ്രസ്താവിച്ചിട്ടുണ്ട്. നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പിലാക്കിയാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ. വേണ്ട കാര്യങ്ങളിൽ വിവേകം ഉദിക്കുന്നത് വൈകിയാണല്ലോ. എന്തായാലും യാത്രക്കാരുടെമേൽ കുതിര കയറാൻ ഒരു ബസ് ജീവനക്കാരനെയും ഇനി അനുവദിക്കരുത്.