loksabha-election

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ കനത്ത പോളിംഗ്. ഏഴ് നിയോജക മണ്ഡലങ്ങളിലും വോട്ട് ചെയ്‌തവരുടെ എണ്ണം മൂന്ന് മണിയോടെ ഒരു ലക്ഷം കഴിഞ്ഞു. ഏഴ് നിയോജക മണ്ഡലങ്ങളിലായി അൻപത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 65 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായിരുന്നു ഇത്. എന്നാൽ, ഇക്കുറി തെക്കൻ ജില്ലകളിൽ ഏറ്റവും കനത്ത പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലംകൂടിയാണിത്.

വൈകിട്ട് മൂന്ന് മണിക്ക് പത്തനംതിട്ട മണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടു ചെയ്തവരുടെ എണ്ണം

കാഞ്ഞിരപ്പള്ളി 1,08,800
പൂഞ്ഞാർ 1,07,224
തിരുവല്ല 1,07,421
റാന്നി 1,07,096
ആറന്മുള 1,25,895
കോന്നി 1,12,040
അടൂർ 1,14,709

പത്തനംതിട്ട മണ്ഡലത്തിനു പുറമെ വയനാട്,കണ്ണൂർ, കൊല്ലം മണ്ഡലങ്ങളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ റെക്കോർഡ് വോട്ടിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികൾക്കും പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ 73.94 ശതമാനമായിരുന്നു പോളിംഗ് ശതമാനമെങ്കിൽ ഇത്തവണ അത് 75 കടക്കുമെന്നാണ് വിലയിരുത്തൽ. വോട്ടിംഗ് നടന്ന ഉടൻ തന്നെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രത്തിൽ ഉണ്ടായ തകരാറുകൾ തുടക്കത്തിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് വളരെ ഒറ്രപ്പെട്ട സംഭവങ്ങളാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.