2019-election

കോഴിക്കോട്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് മൂലം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടികൾ പലതവണ തടസപ്പെട്ടതിനാൽ കോഴിക്കോട് മണ്ഡലത്തിലെ ഒരു ബൂത്തിലെ പോളിംഗ് രാത്രി 11 മണി വരെ നീട്ടി. കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79ആം നമ്പർ ബൂത്തിലാണ് പോളിംഗ് രാത്രി 11 വരെ നീട്ടാൻ വരണാധികാരിയായ ജില്ലാ കളക്‌ടർ സാംബശിവ റാവു നിർദ്ദേശം നൽകിയത്.

രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പുള്ള മോക്ക് പോളിനിടെ തന്നെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് ഇവിടെ ഏഴ് മണിക്ക് വോട്ടിംഗ് തുടങ്ങിയത്. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വോട്ടിംഗ് യന്ത്രം കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാൻ കഴിഞ്ഞത് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ്. തുടർന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ച ശേഷം പോളിംഗ് രാത്രിയിലേക്ക് നീട്ടാൻ ജില്ലാ കളക്‌ടർ ഉത്തരവിട്ടത്.