sheela

പതിനഞ്ചു വർഷമാണ് ഷീലാ ദീക്ഷിത് ഡൽഹിയുടെ മുഖ്യമന്ത്രിയായിരുന്നത്- 1998 മുതൽ 2013 വരെ. അഥവാ, അറുപതാം വയസ്സു മുതൽ എഴുപത്തിയഞ്ചു തികയും വരെ. ഒരുപക്ഷേ, വീണ്ടും ഷീല മുഖ്യമന്ത്രിയായേനേ; അരവിന്ദ് കേജ്‌രിവാൾ എന്ന പ്രതിഭാസം സംഭവിച്ചില്ലായിരുന്നെങ്കിൽ!

ഡൽഹിയിൽ ഷീലാ ദീക്ഷിതിന്റെ തേരോട്ടത്തിന് ആം ആദ്‌മിയും അരവിന്ദ് കേജ്‌രിവാളും ചേർന്ന് കടിഞ്ഞാണിട്ടത് 2013 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. അങ്ങനെ കേജ്‌രിവാൾ മുഖ്യമന്ത്രിയായി. ഷീല പുറത്തുമായി. അധികാരത്തിനു പുറത്തായ ഷീലയെ പിന്നെ കണ്ടത് കേരളത്തിലാണ്- സംസ്ഥാന ഗവർണറുടെ റോളിൽ. 2014 മാർച്ചിൽ ഗവർണറായ ഷീല അഞ്ചു മാസം കഴിഞ്ഞ് രാജിവച്ചു. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.പിയിൽ കോൺഗ്രസിന്റെ നിയമസഭാ സ്ഥാനാർത്ഥിയായിരുന്നെങ്കിലും ഷീലയെ ഭാഗ്യം തുണച്ചില്ല. പിന്നെ ഒരു വർഷത്തോളം നിശ്ശബ്‌ദയായിരുന്ന ഷീലാ ദീക്ഷിതിന്റെ അടുത്ത നിയോഗം ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷയായിട്ടായിരുന്നു.

ഇപ്പോൾ, എൺപത്തിയൊന്നാം വയസ്സിൽ ഡൽഹി നോർത്ത്- ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമ്പോഴും ഷീലയ്‌ക്ക് രാഷ്‌ട്രീയ യൗവനം തന്നെ. ഷീലയുടെ നാലാംതവണത്തെ മുഖ്യമന്ത്രിസ്വപ്‌നം തകർത്തെറിഞ്ഞ അരവിന്ദ് കേജ്‌രിവാൾ ഇത്തവണ എതിരാളിയായില്ല എന്നത് ആശ്വാസം. ഡൽഹിയിൽ കോൺഗ്രസുമായി സഖ്യചർച്ചകൾ തുടർന്ന ആം ആദ്മി ഒടുവിൽ കഴിഞ്ഞ ദിവസമാണ് സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ ദിപീല് പാണ്ഡെ സ്ഥാനാർത്ഥി. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ ആറിടത്ത് കോൺഗ്രസ് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ആപ്- കോൺഗ്രസ് സഖ്യനീക്കം അലസിയെന്ന് വ്യക്തമായി.

ഡൽഹിയിൽ ഒന്നൊഴിയാതെ ഏഴ് ലോക്‌സഭാ സീറ്റും ബി.ജെ.പിയുടെ കൈവശമാണ്. ഷീലാ ദീക്ഷിത് മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ സിറ്റിംഗ് എം.പി മനോജ് തിവാരിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. ആം ആദ്മിയും കോൺഗ്രസും സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ, ഡൽഹി ശക്തമായ ത്രികോണ മത്സരത്തിനാണ് വേദിയാവുക. 1998-ലെയും 2003-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഡൽഹി ഗോൾ മാർക്കറ്റ് ആയിരുന്നു ഷീലയുടെ മണ്ഡലമെങ്കിൽ, 2008-ൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരുന്നു ജയം. പക്ഷേ, അടുത്ത തവണ ഷീലയെ കൈവിട്ട മണ്ഡലം കേജ്‌രിവാളിനെ തുണച്ചു.

1986 മുതൽ മൂന്നു വർഷ കാലയളവിനിടെ കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രിയും, പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയും. അക്കാലത്ത് യു.പിയിലെ കനൗജ് ആയിരുന്നു ഷീലയുടെ മണ്ഡലം. 98-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷീലാ ദീക്ഷിത് ഈസ്റ്ര് ഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയിലെ ലാൽ തിവാരിയോട് തോറ്റു. അതിനു ശേഷമായിരുന്നു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യമന്ത്രി പദത്തിൽ ഷീലയുടെ ഒന്നാമൂഴവും.

ഡൽഹി നോർത്ത് ഈസ്റ്റിൽ കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി മനോജ് തിവാരിയുടെ ഭൂരിപക്ഷം 1,44,084 വോട്ടായിരുന്നു. ആം ആദ്മിക്കും പിന്നാലെ മൂന്നാമതായ കോൺഗ്രസിനു കിട്ടിയത് 2,14,792 വോട്ട്. ഇത്തവണ അതിശക്തമായ ത്രികോണ മത്സരത്തിൽ ഷീലയുടെ വാദ്ധക്യകാല ജാതകത്തിൽ ഭാഗ്യരാശി തെളിയുമോ എന്ന് കണ്ടറിയണം.