അഹമ്മദാബാദ്: അമ്മയുടെ കാൽതൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി, അയൽവാസികളോട് കുശലം പറഞ്ഞ്, കുട്ടികൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത് ഉല്ലാസവാനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പോളിംഗ് ബൂത്തിലെത്തിയത്.
ഗുജറാത്തിൽ അഹമ്മദാബാദിലെ റാണിപ് മേഖലയിൽ നിഷാൻ ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനിൽ തുറന്ന ജീപ്പിലെത്തിയാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യത്തിന്റെ കരുത്തായ വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിയായതിൽ സന്തോഷമുണ്ടെന്നും വോട്ട് ചെയ്തത് കുംഭമേളയിൽ സ്നാനം ചെയ്യുന്നത് പോലെ പവിത്രമായ അനുഭവമാണെന്നും മോദി പറഞ്ഞു.
' വോട്ടിന്റെ കരുത്ത് ബോംബിനേക്കാൾ പലമടങ്ങ് അധികമാണ്. ഭീകരതയുടെ ആയുധം ഐ.ഇ.ഡി ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ) ആണെങ്കിൽ ജനാധിപത്യത്തിന്റെ ആയുധം വോട്ടർ ഐ.ഡിയാണ്. ആർക്കു വോട്ട് ചെയ്യണം, ആർക്കു ചെയ്യേണ്ട എന്നു തീരുമാനിക്കുന്ന ഇന്ത്യൻ വോട്ടർമാരുടെ ബുദ്ധി പഠിക്കേണ്ട വിഷയമാണ്. 21ാം നൂറ്റാണ്ടിൽ ജനിച്ച് ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന എല്ലാവർക്കും ആശംസകളും നേരുന്നു. ' - അദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഗാന്ധിനഗറിലെ രാജ്ഭവനിൽ താമസിച്ച പ്രധാനമന്ത്രി രാവിലെ അമ്മ ഹീരാബെന്നിനെ കാണാനെത്തി. ഇരുപത് മിനിറ്റോളം അമ്മയ്ക്കൊപ്പം ചെലവഴിച്ച മോദിക്ക് അവർ ഷാളും മധുരപലഹാരങ്ങളും അനുഗ്രഹവും നൽകി. ശേഷം അമ്മയുടെ പാദം വണങ്ങി അനുഗ്രഹം വാങ്ങി. പിന്നീട് അയൽക്കാരുമായും കുട്ടികളുമായും സംസാരിച്ച മോദി കുട്ടികൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്തു. എല്ലാവരും നിർബന്ധമായും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചുവെന്ന് അയൽക്കാർ പറഞ്ഞു.
പത്തരയോടെ മോദിയുടെ അമ്മയും അഹമ്മദാബാദിലെ റയ്സാനിലെ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. ഗാന്ധിനഗർ സീറ്റിൽ മൽസരിക്കുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ സ്കൂളിനു പുറത്ത് മോദിയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.