തിരുവനന്തപുരം: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്ന് പരാതിപ്പെടുകയും പിന്നീട് അത് തെളിയിക്കാനാവാതെ വരികയും ചെയ്‌ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വോട്ടറായ എബിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. താൻ വോട്ട് ചെയ്‌ത സ്ഥാനാർത്ഥിക്കല്ല വോട്ട് തെളിഞ്ഞതെന്ന് ഇയാൾ ആരോപിച്ചിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ടെസ്‌റ്റ് വോട്ട് നടത്തിയിരുന്നു. എന്നാൽ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തത്. ഇതിന് പിന്നാലെ ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.
അതിനിടെ വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ ഇക്കാര്യം തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറം മീണ അറിയിച്ചു. ഇക്കാര്യം പ്രിസൈഡിംഗ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ടീക്കാറാം മീണ അറിയിച്ചു
അതേസമയം, വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ടയാൾക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാൻ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാർക്കെതിരെ കേസെടുക്കുന്നത് എവിടുത്തെ നിയമമാണ്. ഇക്കാര്യത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി അംഗീകരിക്കാൻ ആവില്ല. സാങ്കേതിക പ്രശ്‌നം പരാതിക്കാരൻ തന്നെ തെളിയിക്കണമെന്ന വാദം എങ്ങനെയാണ് ശരിയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.